
മുംബൈ: തനിക്കെതിരെയുള്ള തനുശ്രീ ദത്തയുടെ ലൈംഗികാരോപണം പച്ചക്കള്ളമെന്ന് നടൻ നാനാ പടേക്കർ. അസത്യം എപ്പോഴും അസത്യം തന്നെയാണ് എന്നാണ് നാനാ പടേക്കർ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. പത്ത് വർഷം മുമ്പ് ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സൈറ്റിൽ വച്ചാണ് തന്നെ നാനാ പടേക്കർ പീഡിപ്പിച്ചതെന്നാണ് തനുശ്രീ ദത്തയുടെ ആരോപണം. പത്ത് വർഷം മുമ്പ് ഞാൻ പറഞ്ഞിരുന്നു. അതൊരു കള്ളമാണെന്ന് നാനാ പടേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മുംബൈ എയർപോർട്ടിൽ വന്നിറങ്ങിയ നാനാ പടേക്കറെ മാധ്യമങ്ങൾ വളയുകയായിരുന്നു. വിഷയത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ല എന്നായിരുന്നു നാനാ പടേക്കറിന്റെ വാക്കുകൾ. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയായി ഒക്ടോബർ എട്ടിന് പത്രസമ്മേളനം വിളിക്കുന്നുണ്ടെന്ന് നാനാ പടേക്കർ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകർ തനുശ്രീ ദത്തയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അറിയിച്ചു.
നാനാ പടേക്കർ തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് വിവിധ അഭിമുഖങ്ങളിലാണ് തനുശ്രീ ദത്ത വെളിപ്പെടുത്തിയത്. അന്ന് ഷൂട്ടിംഗ് സൈറ്റിലുണ്ടായിരുന്ന ആരും തന്നെ സഹായിച്ചില്ലെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു. കൊറിയോഗ്രാഫറായ ഗണേശ് ആചാര്യ നാന പടേക്കറുമായി വളരെ അടുത്ത് ഇടപഴകുന്ന നൃത്തച്ചുവടുകൾ ചെയ്യാൻ അന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് തയ്യാറല്ലെന്ന് അറിയിച്ച് താൻ ഷൂട്ടിംഗ് സൈറ്റിൽ നിന്നിറങ്ങിപ്പോയി.
തനുശ്രീ ദത്തയുടെ ആരോപണം പുറത്തുവന്നതിനെ തുടർന്ന് ഗണേശ് ആചാര്യ നാനാ പടേക്കർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വളരെ നല്ല വ്യക്തിത്വത്തിനുടമയാണ് നാനാ പടേക്കർ എന്നും അദ്ദേഹത്തിൽ നിന്നും ഒരിക്കലും ഇത്തരമൊരു പ്രവർത്തി ഉണ്ടാകില്ലെന്നും ഗണേശ് ആചാര്യ ഉറപ്പിച്ചു പറയുന്നു. പത്ത് വർഷം മുമ്പുള്ള ആ ദിവസത്തിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓർമ്മയില്ലെന്നും ഗണേശ് ആചാര്യ കൂട്ടിച്ചേർക്കുന്നു. ഫർഹാൻ അക്തർ, പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ്മ, ദീപിക പദുക്കോൺ, അമീർ ഖാൻ എന്നിവർ വിവാദ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു.
ലോകത്തെമ്പാടുമുള്ള ലൈംഗിക അതിക്രമങ്ങളെ പുറത്തെത്തിച്ച ഹാഷ്ടാഗ് ക്യാംപെയിനായിരുന്നു മീറ്റൂ ക്യാംപെയിൻ. ഹോളിവുഡ്ഡ് നിർമ്മാതാവും സംവിധായകനുമായ ഹാർവി വെയ്ൻസ്റ്റീനെതിരായ ലൈംഗികാരോപണങ്ങളാണ് മീറ്റൂ ക്യാംപെയിന് തുടക്കമിട്ടത്. രാധിക ആപ്തെ, റിച്ച ഛന്ദ, സ്വര ഭാസ്കർ, കൊങ്കണ സെൻ ശർമ്മ എന്നിവർ പേര് വെളിപ്പെടുത്താതെ തങ്ങളും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുമ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam