
എറണാകുളം; കൊച്ചിയിൽ രണ്ട് കോടി രൂപ വിലയുള്ള മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. ചെന്നൈ സ്വദേശി ഇബ്രാഹിം ഷെരീഫാണ് ഷാഡോ പോലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും രണ്ട് കിലോ വീതം ഐസ് മെത്തും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
പിടിയിലായ ഇബ്രാഹിം ഷെരീഫ് നിരന്തരം കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിയിരുന്നു. ചെന്നൈയിൽ നിന്നും ട്രെയിൻ വഴിയാണ് ഇയാൾ മയക്കു മരുന്നുകൾ എത്തിക്കുന്നതെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാഡോ പൊലീസ് ചെന്നൈയിലെത്തി ട്രെയിനിൽ ഇയാളെ പിന്തുടർന്നു. എറണാകുളം നോർത്ത് റെയിൽ വേ സ്റ്റേഷനിലെത്തിയപ്പോൾ കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതിയെ പിടികൂടിയത്.
ഐസ് മെത്തും ഹാഷിഷ് ഓയിലും 12 തവണ ഇബ്രാഹിം ഷെരീഫ് സിങ്കപ്പൂരിലേക്കും കടത്തിയിട്ടുണ്ട്. തുച്ഛമായ കൂലിക്ക് ലഹരി മരുന്നുകൾ കടത്തുന്ന മദ്ധ്യസ്ഥൻ മാത്രമാണ് ഇയാളെന്നും ഇതിന്‍റെ പിന്നിൽ വലിയ സംഘങ്ങൾ ഉണ്ടെന്നും പൊലീസ് പറയുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വരുന്നതോടെ നഗരത്തിലെ വിവിധ ഉന്നത പാർട്ടികളിൽ ലഹരി മരുന്നുകൾ സജീവമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. അതിനെ തടയാനുള്ള നടപടികൾ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam