
ചെന്നൈ: ഭരതനാട്യത്തിലെ മികച്ച പ്രകടനത്തിനാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചതെന്നും അല്ലാതെ ട്രാന്‍സ്‌ജെൻഡർ ആയതുകൊണ്ടല്ലെന്നും നർത്തകി നടരാജ്. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടരാജിന്റെ പ്രതികരണം. പരമോന്നത ബഹുമതിയായ പത്മശ്രീ ലഭിക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെൻഡർ വ്യക്തിയാണ് നടരാജ്.
'ഞാൻ 30 വർഷത്തിലധികം ഭരതനാട്യത്തിനു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ ഞാൻ നിത്യകല്ല്യാണി എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും ഞാനൊരു മാലാഖയാണെന്നാണ് തോന്നാറ്. ഞാൻ സുന്ദരിയായ ഒരു ട്രാൻജെൻഡർ യുവതിയാണ്. ഒപ്പം മികച്ചൊരു നർത്തകിയും. എന്റെ ജീവിതത്തിൽ ഒരുപാട് മുറിപ്പാടുകൾ ഉണ്ട്. അതെല്ലാം ഞാൻ മറച്ചുവെക്കുകയാണ്'- നടരാജ് എഎൻഐയോട് പറഞ്ഞു.
അമ്പത് വയസ്സായെങ്കിലും നൃത്തം ചെയ്യാൻ തനിക്ക് ഇപ്പോഴും പതിനാറ് വയസ്സാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രൊഫഷണല്‍ ഭരതനാട്യം നർത്തകിയായ നടരാജ്, തഞ്ചാവൂര്‍ ആസ്പദമാക്കിയുള്ള നായകി ഭാവ ശൈലിയിലും സ്‌പെഷലൈസ് ചെയിതിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡേഴ്സിന് രാജ്യം നല്‍കിയ മഹത്തായ അംഗീകാരമാണ് തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരമെന്ന് നടരാജ് നേരത്തെ പറഞ്ഞിരുന്നു. തന്‍റെ നേട്ടം രാജ്യത്തെ ട്രാന്‍സ്ജെന്‍ഡേഴ്സിന് വലിയ പ്രചോദനമാകുമെന്നും അവർ പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് മാര്‍ഗനിര്‍ദേശം നൽകുന്നതിനായി നടരാജിന്‍റെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഡോക്ടറേറ്റ് ബഹുമതികള്‍ക്ക് പുറമേ പ്ലസ് വൺ തമിഴ് നാട് പാഠപുസ്തകത്തില്‍ നടരാജിന്‍റെ ജീവിതകഥ ഒരു പാഠഭാഗമായി ഉള്‍പ്പെടുത്തിയാണ് നര്‍ത്തകി നടരാജിനെ തമിഴ്നാട് സര്‍ക്കാര്‍ ആദരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam