
ദില്ലി: പ്രതിരോധമന്ത്രി നിർമലാ സീതാരാമനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍റെ നോട്ടീസ്. റഫാൽ ഇടപാടിൽ താനുന്നയിച്ച ആരോപണങ്ങൾക്കും വാദങ്ങൾക്കും ഒരു സ്ത്രീയെ ഇറക്കി മോദി ഒളിച്ചോടിയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ധൈര്യമുണ്ടെങ്കിൽ ആണായി നിന്ന് മറുപടി തരണമെന്നും രാഹുൽ പറഞ്ഞു. രാഹുലിന്‍റെ പരാമർശങ്ങൾ വലിയ വിവാദമാണ് ഉയർത്തിയത്.
ഈ സാഹചര്യത്തിലാണ് ദേശീയവനിതാ കമ്മീഷൻ രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. രാഹുലിന്‍റെ പരാമർശം ഒരു സ്ത്രീയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ സ്വമേധയാ ആണ് കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
''56 ഇഞ്ച് നെഞ്ചളവുള്ള ചൗക്കീദാർ മോദി, എനിക്ക് മറുപടി തരാതെ ഒളിച്ചോടി. പകരം ഒരു സ്ത്രീയെ (മഹിള)യെ രംഗത്തിറക്കി. ഒരു മണിക്കൂറോളം അവർ സംസാരിച്ചു. പക്ഷേ, അനിൽ അംബാനിക്ക് കരാർ നൽകിയോ ഇല്ലയോ എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ പോലും ആ സ്ത്രീക്ക് കഴിഞ്ഞില്ല.'' ലോക്സഭയിൽ റഫാൽ ഇടപാടിനെക്കുറിച്ച് നടന്ന വാക്പോരിന് ശേഷം പുറത്ത് മാധ്യമപ്രവർത്തകരോട് രാഹുൽ പറഞ്ഞു.
പൊതുരംഗത്തുള്ള സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്‍റെ പരാമർശമെന്ന് കാട്ടി രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിലുള്ള പ്രമുഖർ രംഗത്തു വന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ നടന്ന ഒരു റാലിയിൽ സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നതാണ് രാഹുലിന്‍റെ പരാമർശമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.
എന്നാൽ വീട്ടിലുള്ള സ്ത്രീകളെ ബഹുമാനിക്കുന്നതിൽ നിന്നാണ് ലിംഗനീതിയും ബഹുമാനവും തുടങ്ങുന്നത് എന്നാണ് മോദിയുടെ ആരോപണങ്ങൾക്ക് രാഹുൽ മറുപടി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam