
മലപ്പുറം: ഭാരതപ്പുഴയിൽ വെളളംകയറി പട്ടാമ്പി പാലം അടച്ചതോടെ രണ്ട് ജില്ലകളിലേക്കുളള ഗതാഗതമാണ് താറുമാറായത്. വെളളമിറങ്ങി കാൽനടയാത്രക്ക് മാത്രം പാലം തുറന്നുകൊടുത്തെങ്കിലും വാഹനഗതാഗതം സുഗമമാക്കാൻ പുതിയ പാലം ഉടൻ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വർഷങ്ങൾക്ക് ശേഷമാണ് ഭാരതപ്പുഴ ഇങ്ങിനെ നിറഞ്ഞൊഴുകിയത്. കനത്ത വെളളപ്പാച്ചിലിൽ പട്ടാമ്പിപ്പാലത്തിന്‍റെ കൈവരികളും തകർന്നു. പാലം പൊളിഞ്ഞെന്ന പ്രചരണം വരെയുണ്ടായി. തുടർന്ന് 15 മുതല്‍ പാലത്തിലൂടെയുളള ഗതാഗതം നിരോധിച്ചു. പ്രദേശവാസികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, വെളളമിറങ്ങിയതോടെ പാലം കാൽനടയാത്രക്ക് തുറന്നുകൊടുത്തു.
പൊന്നാനി, ഗുരുവായൂർ, കുന്ദംകുളം തുടങ്ങിയ സ്ഥലങ്ങളിലേക്കുളള ബസുകള്‍ പാലത്തിന് ഇരുകരകളിലും യാത്ര അവസാനിപ്പിക്കും. കാൽനടയായി രോഗികൾ ഉൾപ്പെടെയുളളവർ മറുകരകടക്കണം. പാലത്തിന്റെ ബലപരിശോധന പൂർത്തിയായിട്ടുണ്ടെന്നും കൈവരികൾ സ്ഥാപിച്ചാൽ ചെറുവാഹനങ്ങൾ ഉടൻ കടത്തി വിടാന്‍ സാധിക്കുമെന്നുമാണ് സ്ഥലം എംഎൽഎ മുഹമ്ദ് മുഹ്സിന്‍റെ വിശദീകരണം.
പുതിയ പാലം കിഫ്ബി വഴി ഉടൻ നിർമ്മിക്കും. പാലം അടച്ചതോടെ, വെളളിയാങ്കല്ല് വഴി വലിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും തകർന്ന റോഡിലൂടെ ദുരിതയാത്രയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam