അഗസ്റ്റാ വെസ്റ്റ്‍ലാൻഡ് കേസ്: ക്രിസ്ത്യൻ മിഷേലിന്‍റെ മലയാളി അഭിഭാഷകരെച്ചൊല്ലി പുതിയ വിവാദം

By Web TeamFirst Published Dec 6, 2018, 5:37 PM IST
Highlights

അഗസ്റ്റാ വെസ്റ്റ്‍ലാൻഡ് കേസിൽ വിവാദഇടനിലക്കാരനായ ക്രിസ്ത്യൻ മിഷേലിനെ രക്ഷിയ്ക്കാൻ കോൺഗ്രസ് തന്നെ അഭിഭാഷകരെ നിയോഗിക്കുകയാണെന്നാണ് ബിജെപിയുടെ പുതിയ ആരോപണം. മലയാളികളായ അഭിഭാഷകരെച്ചൊല്ലിയാണ് വിവാദം ഉയരുന്നത്. 

ദില്ലി: അഗസ്റ്റാ വെസ്റ്റ്‍ലാൻഡ് കേസിൽ ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ മലയാളികളായ അഭിഭാഷകരെച്ചൊല്ലി വിവാദമുയരുകയാണ്. കോൺഗ്രസ് നേതാവ് ചിതറ മധുവിന്‍റെ മകൻ ഉൾപ്പടെയുള്ള അഭിഭാഷകർ ഇന്നും ക്രിസ്ത്യൻ മിഷേലിനെ സന്ദർശിച്ചു. ഇന്നലെ ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായതിന് യൂത്ത് കോൺഗ്രസ് ലീഗൽ സെൽ അംഗമായ ആൽജോ ജോസഫിനെ പാർട്ടി പുറത്താക്കിയിരുന്നു. 

ആരൊക്കെയാണ് മലയാളി അഭിഭാഷകർ?

അഭിഭാഷകരായ ആൽജോ ജോസഫ്, വിഷ്ണു ശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവരാണ് ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഇന്നലെ ഹാജരായത്. കെപിസിസി നിര്‍വാഹക സമിതി അംഗം ചിതറ മധുവിന്‍റെ മകനാണ് വിഷ്ണു ശങ്കർ. എൻഎസ്‍യുഐയുടെ മുൻ ഭാരവാഹിയായിരുന്നു ശ്രീറാം പറക്കാട്ട്. കപിൽ സിബലിന്‍റെയും സൽമാൻ ഖുർഷിദിന്‍റെയും ജൂനിയേഴ്സ് ആയി ഇവരെല്ലാം ജോലി ചെയ്തിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ബിജെപി പുതിയ ആരോപണങ്ങളുയർത്തുന്നത്. സ്വന്തം അഭിഭാഷകരെ ഉപയോഗിച്ച് കോൺഗ്രസ് മിഷേലിന് സോണിയാഗാന്ധിയുടെ രഹസ്യസന്ദേശം എത്തിയ്ക്കുകയാണെന്നാണ് ബിജെപി ആരോപണം.

 കോടതി നടപടികൾ അവസാനിച്ചയുടൻ ആൽജോ ജോസഫ് എഐസിസി ആസ്ഥാനത്തെത്തി പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബരിയയെ കണ്ടിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. സോണിയാഗാന്ധി ആരോപണവിധേയയായ കേസിൽ ക്രിസ്ത്യൻ മിഷേലിനെ രക്ഷിയ്ക്കാൻ കോൺഗ്രസ് തന്നെ അഭിഭാഷകരെ ചുമതലപ്പെടുത്തിയെന്നാണ് ബിജെപി വക്താവ് സാംബിത് പാത്ര ആരോപിച്ചത്. 

എന്നാൽ വായ്പാ തട്ടിപ്പ് കേസിൽ മെഹുൽ ചോക്സിയ്ക്ക് വേണ്ടി ഹാജരായത് കേന്ദ്രധനമന്ത്രി അരുൺ ജയ്‍റ്റ്‍ലിയുടെ മകളാണെന്നത് മറക്കരുതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഐപിഎൽ കേസിൽ ലളിത് മോദിയ്ക്ക് വേണ്ടി ഹാജരായത് സുഷമാ സ്വരാജിന്‍റെ മകളാണെന്നും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി 

click me!