
മുംബൈ: ബുലന്ദ്ഷഹറിൽ പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് നടന്ന കലാപത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. സംസ്ഥാനങ്ങളുടെ പേര് മാറ്റുന്ന തിരക്കിലാണ് യോഗിയെന്നും അതുകൊണ്ട് സംസ്ഥാനത്ത് നടക്കുന്ന പ്രശ്നങ്ങളോന്നും കാണാനുള്ള സമയം അദ്ദേഹത്തിനില്ലെന്നും ശിവസേന ആരോപിച്ചു. പാർട്ടി മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണ് ശിവസേന യോഗിക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ യോഗിയുടെ ഭരണകലയളവിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബുലന്ദ്ഷഹറിൽ പശു മാംസത്തിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടു. പൊലീസിനോ സൈന്യത്തിനോ മതമോ ജാതിയോ ഇല്ല. അത് അധികാരത്തിന്റെ ഉന്നത പദവി അലങ്കരിക്കുന്നവർ മനസിലാക്കേണ്ടതുണ്ടെന്നും സാമ്നയില്‍ പറയുന്നു. സ്വന്തം സംസ്ഥാനത്ത് നടക്കുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിച്ച് വോട്ടിന് വേണ്ടി സംസ്ഥാനങ്ങളുടെ പേര് മാറ്റുന്ന തിരക്കിൽ കഴിയുന്ന മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.
അതേ സമയം അധികാരത്തിൽ എത്തിയാൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റുമെന്ന യോഗിയുടെ പ്രസ്താവനക്കെതിരെയും ശിവസേന അരോപണമുന്നയിച്ചു. ഇത്തരം നടപടികൾ ജനങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുകയും ഭിന്നിപ്പിക്കുകയും ചെയ്യുമെന്നും അതുകൊണ്ട് പേര് മാറ്റലിൽ നിന്ന് പിന്തിരിയണമെന്നും ശിവസേന മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam