സൗദിയില്‍ പുതിയ നോട്ടുകള്‍ പ്രാബല്യത്തിലായി

By Web DeskFirst Published Dec 13, 2016, 7:23 PM IST
Highlights

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രത്തോടു കൂടിയ നോട്ടുകളാണ് പുതുതായി പ്രാബല്യത്തില്‍ വന്നത്. സൗദി റിയാലിന്റെ ആറാമത് പതിപ്പാണിത്. ആദ്യ സീരിയല്‍ നമ്പരില്‍ ഉള്ള പുതിയ നോട്ടുകളും നാണയങ്ങളും കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് സ്വീകരിച്ചു. രണ്ടും മൂന്നും സീരിയല്‍ നമ്പരുകളില്‍ ഉള്ളവ യഥാക്രമം കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനും രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സ്വീകരിച്ചു. പുതിയ നോട്ടുകള്‍ ഇന്ന് മുതല്‍ ബാങ്കുകളില്‍ ലഭ്യമായിരിക്കുമെന്ന് സാമ അറിയിച്ചു. മുന്‍ ഭരണാധികാരി അബ്ദുല്ലാ രാജാവ് കൊണ്ടുവന്ന പഴയ നോട്ടുകളും പുതിയ നോട്ടുകളോടൊപ്പം പ്രാബല്യത്തില്‍ ഉണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ പഴയ നോട്ടുകള്‍ ബാങ്കുകള്‍ വഴി പിന്‍വലിക്കാനാണ് സാമയുടെ പദ്ധതി. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ മാനദണ്ടങ്ങളുമാണ് പുതിയ നോട്ടുകളില്‍ ഉള്ളത്. ജനങ്ങള്‍ക്ക് പ്രയാസം ഉണ്ടാകാതെ പഴയ നോട്ടുകള്‍ പിന്‍വലിച്ചു പുതിയ നോട്ടുകള്‍ വ്യാപകമാക്കുക, അതീവ സുരക്ഷാക്രമീകരണങ്ങള്‍ പുതിയ നോട്ടുകളില്‍ ഉണ്ടാകുക തുടങ്ങിയവ ഉറപ്പ് വരുത്തിയിട്ടുണ്ട്. ആയിരം റിയാലിന്റെ നോട്ടുകള്‍ പുറത്തിറക്കിയിട്ടില്ലെന്ന് മോണിട്ടറി അതോറിറ്റി അറിയിച്ചു.

click me!