
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ തസ്തികയില്‍ പിഎസ്‍സി വഴി പുതിയതായി നിയമിക്കുന്നവർക്ക് സ്ഥിരം നിയമനം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് എംഡി ടോമിന്‍ തച്ചങ്കരി. എം പാനലുകാരുടെ ശന്പളം മാത്രമേ ഇവർക്ക് നൽകാനാകൂ എന്നും എംഡി പറഞ്ഞു. താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടത് മൂലം ഇന്ന് 337 സര്‍വ്വീസുകൾ റദ്ദാക്കി.
കെഎസ്ആർടിസിയിൽ പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാർക്ക് പകരം പിഎസ്‍സി നിയമന ഉത്തരവ് നൽകിയ 4051 പേരെ നാളെ നിയമിക്കും. പക്ഷെ സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്‍സി നിർദ്ദേശിക്കുന്ന ശമ്പളം ഇവർക്ക് നൽകാനാകില്ലെന്നാണ് എംഡി പറയുന്നത്. 480 രൂപ ദിവസ വേതനത്തിലാകും ഇവര്‍ക്ക് ഒരു വര്ഷത്തെ നിയമനം നല്‍കുക.
പുതിയതായി നിയമിക്കപ്പെടുന്നവരുടെ പരിശീലനം ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കി അവരെ റൂട്ടുകളിലേക്ക് അയക്കും പ്രതിസന്ധി മറികടക്കാൻ ദീർഘകാല അവധിയിൽ പോയ 800 ലേറെ ജീവനക്കാരോട് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. താൽക്കാലിക കണ്ടക്ർമാരെ പിരിച്ചുവിട്ടത് വഴിയുള്ള സർവ്വീസ് മുടങ്ങൽ ഇന്നും തുടർന്നു.
തിരുവനന്തപുരം മേഖലയിൽ 101 ഉം, എറണാകുളത്ത് 181 ഉം കോഴിക്കോട് 55 ഉം സർവ്വീസുകൾ റദ്ദാക്കി. സര്‍വ്വീസുകള്‍ റദ്ദാക്കുന്നുണ്ടെങ്കിലും വരുമാന നഷ്ടമില്ലെന്നാണ് എംഡിയുടെ വാദം. ലാഭകരമല്ലാത്ത റൂട്ടുകൾ ഒഴിവാക്കിയുള്ള പുനക്രമീകരണം ഗുണമായെന്നാണ് തച്ചങ്കരി പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam