ആരാണ് മലകയറാന്‍ എത്തിയ സുഹാസിനി രാജ്

Published : Oct 18, 2018, 03:19 PM ISTUpdated : Oct 18, 2018, 03:42 PM IST
ആരാണ് മലകയറാന്‍ എത്തിയ സുഹാസിനി രാജ്

Synopsis

മലകയറാനെത്തിയ സുഹാസിനി അത്ര ചില്ലറക്കാരിയല്ല. ഇന്ത്യൻ പാർലമെന്റിനെ വിറപ്പിച്ച ഒരു ചരിത്രമുണ്ട് ഈ അന്വേഷണാത്മക പത്രപ്രവര്‍ത്തകയ്ക്ക്. അന്വേഷണാത്മക പത്രപ്രവർത്തക എന്ന പേരിൽ പേരെടുത്ത സുഹാസിനി രാജ് ലക്ന്വ സ്വദേശിയാണ്.

പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതിയും വിധിക്ക് പിന്നാലെ സന്നിദ്ധാനത്ത് നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് സുഹാസിനി എന്ന മാധ്യമപ്രവര്‍ത്തക മല ചവിട്ടിയത്. പൊലീസ് സംരക്ഷണത്തോടെ  മല കയറിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടറായ സുഹാസിനി പ്രതിഷേധക്കാരുടെ ആക്രമണത്തെ തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തക എന്ന പേരിൽ പേരെടുത്ത സുഹാസിനി രാജ് ലക്ന്വ സ്വദേശിയാണ്. ഇന്ത്യൻ പാർലമെന്റിനെ വിറപ്പിച്ച ഒരു ചരിത്രമുണ്ട് ഈ അന്വേഷണാത്മക പത്രപ്രവര്‍ത്തകയ്ക്ക്.

നിലവില്‍ ദില്ലി കേന്ദ്രീകരിച്ചാണ് സുഹാസിനിയുടെ മാധ്യമ പ്രവര്‍ത്തനം.  ഏറെ ശ്രദ്ധനേടിയ അന്വേഷണാത്മക റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാധ്യമ പ്രവർത്തക എന്ന നിലയിൽ ഇവരെ ഉയര്‍ത്തിയത്.  ‘ദ് ന്യൂയോർക്ക് ടൈംസി’ന്റെ ദില്ലിയിലെ സൗത്ത് എഷ്യ ബ്യൂറോയിൽ പ്രവർത്തിക്കുന്നു ഇവര്‍. 2005 ൽ ആജ് തക്കിൽ സംപ്രേഷണം ചെയ്ത ഓപ്പറേഷൻ ദുരിയോധന സുഹാസിനി രാജിന്റെ പ്രധാനപ്പെട്ട റിപ്പോർട്ടുകളിലൊന്ന്. എംപിമാരുടെ കോഴ വെളിപ്പെടുത്തിയ കോബ്രപോസ്റ്റിന്റെ ‘ഓപ്പറേഷൻ ദുര്യോധന’യിലെ പ്രധാന പങ്കാളി കൂടിയായിരുന്നു സുഹാസിനി. 

2005 ഡിസംബർ 23നായിരുന്നു വിവാദമായ ഓപ്പറേഷൻ ദുര്യോധനയിലൂടെ പാർലമെന്റ് അംഗങ്ങൾക്ക് പുറത്ത് പോകേണ്ടി വന്നത്. ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയ 11 എംപിമാരെ പാർലമെന്റ് പുറത്താക്കുകയായിരുന്നു. ലോക്‌സഭയിലെ പത്തംഗങ്ങളുടെയും രാജ്യസഭയിലെ ഒരംഗത്തിന്റേയും അംഗത്വം റദ്ദാക്കി. ‘ഓപ്പറേഷൻ ദുര്യോധന’ എന്ന പേരിൽ കോബ്ര പോസ്‌റ്റ് ഡോട്ട് കോം നടത്തിയ രഹസ്യ നീക്കത്തിലാണ് പതിനൊന്ന് എംപിമാരെ കുരുങ്ങിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, പവൻകുമാർ ബൻസലിന്റെ നേതൃത്വത്തിലുള്ള സമിതി ലോക്‌സഭയിലും ഡോ. കരൺസിങ് അധ്യക്ഷനായുള്ള സമിതി രാജ്യസഭയിലും അന്വേഷണം നടത്തി. രണ്ട് സമിതികളുടേയും റിപ്പോർട്ട് കുറ്റക്കാരെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു.

ഉത്തരേന്ത്യൻ ചെറുകിട ഉത്പാദക അസോസിയേഷൻ എന്ന നിലവിലില്ലാത്ത സംഘടനയുടെ പ്രതിനിധികളായി ചമഞ്ഞ കോബ്ര പ്രതിനിധികളിൽ നിന്നാണ് എംപിമാർ പണം കൈപ്പറ്റിയത്. സംഘടനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇരുസഭയിലും ഉന്നയിക്കണമെന്ന ആവശ്യം ഇവർ അംഗീകരിക്കുകയും അതു പ്രകാരം എട്ടു മാസത്തിനിടെ കോബ്ര പ്രതിനിധികൾ കൊടുത്ത അറുപതിലേറെ ചോദ്യങ്ങളിൽ 25 എണ്ണം പാർലമെന്റിന്റെ കടുത്ത ചോദ്യ തിരഞ്ഞെടുപ്പ് രീതിയെ മറികടന്ന് ഉന്നയിക്കപ്പെട്ടു. എൻഡിഎ ഭരണകാലത്തു തെഹൽക ഡോട്ട് കോമിലൂടെ പ്രതിരോധ ഇടപാടിലെ കോഴക്കഥയും സുഹാസിനി പുറത്തുകൊണ്ടുവന്നു. അഴിമതി നടത്തിയ ഒരു ക്രിസ്ത്യൻചാരിറ്റി സംഘടന പൂട്ടിക്കെട്ടിച്ചതും സുഹാസിനിയുടെ അന്വേഷണാത്മക റിപ്പോർട്ട് ആയിരുന്നു.

എന്നാൽ, ശബരിമല സന്നിധാനത്ത് എത്താനുള്ള സുഹാസിനിയുടെ നീക്കം പൂർത്തിയാക്കാതെ പാതിവഴിയില്‍ ഉപേഷിച്ച് മടങ്ങേടി വരുകയായിരുന്നു. സുഹാസിനിയുടെ മലകയറ്റത്തോടെ നാടകീയ സംഭവങ്ങള്‍ക്കാണ് പമ്പയും ശബരിപാതയും സാക്ഷ്യം വഹിച്ചത്. രാവിലെ മാധ്യമങ്ങളുടെ തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ അപ്രതീക്ഷിതമായാണ് വിദേശ സഹപ്രവർത്തകനൊപ്പം ഒരു സ്ത്രീ നീലിമല കയറുന്ന ദൃശ്യങ്ങള്‍ ചാനല്‍ ക്യാമറയില്‍ പതിഞ്ഞത്. ചരിത്രം കുറിക്കാനെത്തിയ സ്ത്രീയെ പിന്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തരും സന്നിദ്ധാനത്തേക്ക്. ന്യൂയോര്‍ക്ക് ടൈംസിലെ സൗത്ത് ഏഷ്യ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണെന്ന് വ്യക്തമായതോടെ പൊലീസുകാര്‍ സുരക്ഷയൊരുക്കി ചുറ്റുംകൂടി. സഹപ്രവര്‍ത്തകന്‍ കയ് ഷാള്‍ട്ട്സിനൊപ്പമായിരുന്നു സുഹാസിനി രാജിന്‍റെ യാത്ര. 

മരക്കൂട്ടത്തിനടത്ത് എത്തിയതോടെ പ്രതിഷേധക്കാര്‍ വളഞ്ഞെങ്കിലും തിരച്ചറിയല്‍ രേഖ ഉയര്‍ത്തികാട്ടി പൊലീസ് അകമ്പടിയില്‍ മുന്നോട്ട്. എന്നാല്‍ അപ്പാച്ചിമേടിനടുത്തേക്ക് നീങ്ങിയതോടെ നാല്‍പതോളം പ്രതിഷേധക്കാര്‍ കൂട്ടമായി മാധ്യമപ്രവര്‍ത്തയെ തടഞ്ഞു.തുടര്‍ച്ചയായ ശരണം വിളികളും അസഭ്യവര്‍ഷവും ചൊരിഞ്ഞ് പ്രതിഷേധക്കാര്‍ പാത ഉപരോധിച്ചു.തീര്‍ത്ഥാടകയല്ല,മാധ്യമപ്രവര്‍ത്തകയാണെന്ന് ആവര്‍ത്തിച്ചിട്ടും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല. സംഘര്‍ഷം കനത്തതോടെ മാധ്യമപ്രവര്‍ത്തക പിന്‍മാറി.പൊലീസ് കമാന്‍റോകളുടെ സുരക്ഷയില്‍ തിരികെ പമ്പയിലേക്ക്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്