
തിരുവനന്തപുരം:മന്ത്രിമാരുടെ വിദേശയാത്രാനുമതി നിഷേധിച്ചത് പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ നടപടി കേരളത്തോട് പുലർത്തുന്ന വിവേചനത്തിന്‍റെ ഉദാഹരണമാണ്. ഫെഡറൽ തത്വങ്ങളുടെ ലംഘനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെടുന്നു.
വിദേശ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാര്‍ നടത്താനിരുന്ന വിദേശപര്യടനം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. വിദേശ യാത്രയ്ക്ക് കേന്ദ്രത്തിന്‍റെ അനുമതി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.
നവകേരള നിര്‍മാണത്തിനായുളള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായപ്പോള്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ മറ്റ് മന്ത്രിമാര്‍ക്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കത്തയച്ചത്. എന്നാല്‍, ഇതുവരെ അനുകൂലമായ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തിട്ടില്ല. പ്രളയക്കെടുതി മറികടക്കാനുളള ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന് അനുമതി തേടി ഈ മാസം ആദ്യമാണ് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam