നവജാത ശിശുവിന് ആശുപത്രിയില്‍ തന്നെ ഗ്രഹനില കണക്കാക്കി പേരിടാം; പദ്ധതിയുമായി കോൺ​ഗ്രസ് സർക്കാർ

By Web TeamFirst Published Feb 13, 2019, 11:59 AM IST
Highlights

പദ്ധതിയിലൂടെ 3,000ത്തോളം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.

ജയ്പൂർ: നവജാത ശിശുക്കൾക്ക് ആശുപത്രിയിൽ വെച്ചുതന്നെ പേര് നൽകാനുള്ള പദ്ധതിയുമായി രാജസ്ഥാനിലെ കോൺ​ഗ്രസ് സർക്കാർ. ഈ പദ്ധതി പ്രകാരം ജനന സമയത്തെ ഗ്രഹനില കണക്കാക്കി കുഞ്ഞിന് യോജിക്കുന്ന തരത്തിലുള്ള പേര് ആശുപത്രിയില്‍ വച്ചുതന്നെ നല്‍കാൻ സാധിക്കും. രാജീവ് ഗാന്ധി ജന്മപത്രി നാംകരണ്‍ യോജന എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

രാജസ്ഥാനിലെ എല്ലാ സർക്കാർ, സ്യകാര്യ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കും. ആദ്യഘട്ടമെന്നോണം ജയ്പൂരിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടക്കത്തിൽ സൗജന്യമായാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും പിന്നീട് മറ്റു സ്ഥലങ്ങളിൽ കൂടി വ്യാപിക്കുന്നതോടെ തുക ഇടാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ആശുപത്രികളില്‍ 51 രൂപയും സ്വകാര്യ ആശുപത്രികളില്‍ 101 രൂപയുമായിരിക്കും ഫീസായി ഇടാക്കുക. നിലവിൽ 16,728 സര്‍ക്കാര്‍ ആശുപത്രികളും 54 അം​ഗീകൃത സ്വകാര്യ ആശുപത്രികളുമാണ് സംസ്ഥാനത്തുള്ളത്. 

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് സംസ്‌കൃത ഭാഷയുടെ ഉന്നമനമായിരുന്നു . ഈ പദ്ധതിയിലൂടെ കുറച്ചെങ്കിലും അതിന് സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ജനുവരി മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു ആശയം ജഗദ്ഗുരു രാമാനന്ദാചാര്യ രാജസ്ഥാന്‍ സംസ്‌കൃത സര്‍വകലാശാല മുന്നോട്ട് വച്ചത്. 

ശിശുക്കളുടെ ജനന സമയം കണാക്കാക്കുന്നതിനായി ആശുപത്രികളില്‍ ജ്യോതിഷികളെ നിയമിക്കും. ജ്യോതിഷത്തില്‍ ബിരുദമോ, ഡിപ്ലോമയോ ഉള്ള, സര്‍ക്കാരിന്റെ അംഗീകാരം നേടിയവരെയാണ് നിയമിക്കേണ്ടതെന്ന് സര്‍വകലാശാല യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിലൂടെ 3,000ത്തോളം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാനാകുമെന്നാണ് സർക്കാർ കരുതുന്നത്.

പദ്ധതി പ്രകാരം ഒരു കുട്ടിയുടെ ജനന സമയം ഗണിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ 40 രൂപയും സ്വകാര്യ ആശുപത്രികളില്‍ 80 രൂപയും ജ്യോതിഷിക്ക് പ്രതിഫലമായി നൽകും. പദ്ധതിയിൽ സംസ്‌കൃത സര്‍വകലാശാലയുടെ മേല്‍നോട്ടവുമുണ്ടാകും. കുഞ്ഞിന്റെ ജനന സമയവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ നിന്നും  മാതാപിതാക്കള്‍ക്ക് 200 രൂപയടച്ച് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകും.

click me!