ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

By Web TeamFirst Published Feb 13, 2019, 10:57 AM IST
Highlights

ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. നാഗപ്പട്ടണം എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ തമീമും അൻസാരിയാണ് നിരോധന ആവശ്യം നിയമസഭയിൽ മുന്നോട്ടു വെച്ചത്. 

ചെന്നൈ: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. ടിക് ടോക് നിരോധിക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെടും. കുട്ടികള്‍ ചൂഷണത്തിന് ഇരയാകുന്നുവെന്നും തമിഴ്നാട് സംസ്കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചൂണ്ടികാട്ടിയാണ് നടപടി.

വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ചൈനീസ് ആപ്പുമായി സിനിമാ ഗാനങ്ങള്‍ക്ക് ചുവട് വയ്ക്കുന്നതിന് വിലക്കിടാനാണ് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം.സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റാന്‍ അപടകരമായ എന്തും അനുകരിക്കാന്‍ പുതുതലമുറ തയാറായിരിക്കുന്നുവെന്നും ഉടനടി നടപടി ഉണ്ടാകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. ആകര്‍ഷണവും വ്യത്യസ്ഥതയും സൃഷ്ടിക്കാന്‍ വാഹനങ്ങള്‍ക്ക് മുന്നിലേക്ക് എടുത്ത് ചാടുന്ന വിനോദം അവസാനിപ്പിക്കണമെന്ന് തമിഴ്നാട് പൊലീസും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പിഎംകെ അധ്യക്ഷന്‍ എസ് രാംദോസും ജനനായകക്ഷി എംഎല്‍എമാരും മുന്നോട്ട് വച്ച ആവശ്യത്തിന് സഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ പിന്തുണച്ചു.

ടിക് ടോക്കിലൂടെ ചൂഷണത്തിന് വിധേയമാകുന്നുവെന്ന മുന്നൂറിലധികം പരാതികളാണ് കുട്ടികളുടെ ഹെല്‍പ്ലൈന്‍ നമ്പറിലേക്ക് ലഭിച്ചിട്ടുള്ളത്. ടിക്ക്ടോക്കില്‍ സ്ത്രീയായി വേഷമണിഞ്ഞതിന് പരിഹാസം ഏറ്റുവാങ്ങിയ 23കാരന്‍ മധുരയില്‍ മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇതുവരെ 10മില്ല്യണ്‍ ആളുകളാണ് ടിടോക്ക് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. നേരത്തെ ബ്ലൂവെയില്‍ ഗെയിം നിരോധിക്കാനുള്ള നീക്കവും ആദ്യം തുടങ്ങിയത് തമിഴ്നാട് സര്‍ക്കാരായിരുന്നു.

click me!