
തിരുവനന്തപുരം: അടുത്ത രണ്ട് വർഷത്തെ വൈദ്യുതി നിരക്കുകൾ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും. വ്യവസായങ്ങൾക്കും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്കും നിരക്ക് കുറയുന്ന രീതിയിലാണ് വൈദ്യുതി ബോർഡിന്‍റെ ശുപാർശ. 1101.72 കോടി രൂപയുടെ നിരക്ക് വർധന ഇക്കൊല്ലവും 700.44 കോടിയുടെ വർധന അടുത്ത വർഷവും നടപ്പാക്കണമെന്നതാണ് വൈദ്യുതി ബോർഡിന്‍റെ ആവശ്യം. അടുത്ത നാല് വർഷത്തെ പ്രതീക്ഷിത വരവ്-ചെലവ് കണക്കുകളും ഇതോടൊപ്പം ബോർഡ് റഗുലേറ്ററി കമീഷന് സമർപ്പിച്ചു. ഇതിൽ പരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി നിരക്ക് പ്രഖ്യാപിക്കുന്നതിലേക്ക് കടക്കുകയാണ് വൈദ്യുതി റെഗുലേറ്ററി കമീഷൻ.
200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകളുടെ നിരക്ക് ഇക്കൊല്ലം യൂനിറ്റിന് 10 മുതൽ 80 പൈസ വരെയാണ് വർധിപ്പിക്കാനാണ് വൈദ്യുതി ബോർഡ് ശുപാർശ. അതിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ഇക്കൊല്ലവും അടുത്ത വർഷവും നേരിയ വർധന മാത്രം. 350 യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് ഇക്കൊല്ലം അഞ്ച് പൈസ കുറയും. അടുത്ത വർഷവും കൂടില്ല. 500ന് മുകളിൽ ഉപയോഗിക്കുന്നവരുടെ യൂനിറ്റ് വില ഇക്കൊല്ലം 7.50 രൂപയില്‍ നിന്ന് 6.90 രൂപയായി 60 പൈസ വീതം കുറയ്ക്കാനാണ് നിർദേശം.
വ്യവസായങ്ങളുടെ നിരക്ക് യൂനിറ്റിന് ഇക്കൊല്ലം 5.50 രൂപയിൽ നിന്ന് അഞ്ച് രൂപയായും അടുത്ത വർഷം 4.50 രൂപയായും കുറയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. വൈദ്യുതി നിരക്കിന് പുറമെ ഫിക്സഡ് ചാർജും വ്യവസായ മേഖലയിലെ ഡിമാൻറ് ചാർജും വർധിപ്പിക്കാനും നിർദേശമുണ്ട്. ബോർഡ് ശുപാർശ റെഗുലേറ്ററി കമ്മീഷൻ അതേപടി അംഗീകരിക്കാറില്ല. അതേസമയം നിരക്ക് വർദ്ധന വേണ്ടെന്ന ബോർഡിന്‍റെ ശുപാർശ തള്ളി കമ്മീഷൻ സ്വമേധയാ നിരക്ക് കൂട്ടിയ ചരിത്രവും ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam