കടലാസ് ഡോളറാക്കുന്ന രാസലായിനി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; നൈജീരിയന്‍ സ്വദേശി പിടിയില്‍

By Web TeamFirst Published Feb 15, 2019, 11:20 PM IST
Highlights

വിലകൂടിയ മരുന്നുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഇന്‍റര്‍നെറ്റില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്

മഞ്ചേരി: രാജ്യവ്യാപകമായി സൈബര്‍ തട്ടിപ്പ് നടത്തിയ നൈജീരിയന്‍ സംഘത്തിലെ പ്രധാനിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കടലാസ് ഡോളറാക്കുന്ന രാസലായനി നല്‍കാമെന്നുവരെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ച് കോടി രൂപ പലരില്‍നിന്നായി വാങ്ങിയെടുത്തെന്നാണ് പ്രാഥമിക നിഗമനം.

നൈജീരിയയിലെ ഒഗൂണ്‍ സ്വദേശിയായ ഒച്ചുബ കിങ്സ്ലി ഉഗോണ്ണയാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികളായ എട്ട് പേരെ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ദില്ലിയില്‍നിന്ന് ഒച്ചുബ കിങ്സ്ലിയെ അറസ്റ്റ് ചെയ്തത്.

മഞ്ചേരിയിലെ ഒരു മരുന്ന് കടയുടെ വിലാസം ഉപയോഗിച്ചായിരുന്നു ഇവര്‍ ഓണ്‍ലൈന്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തിയിരുന്നത്. വിലകൂടിയ മരുന്നുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഇന്‍റര്‍നെറ്റില്‍ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.

ഇത് കണ്ട് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വ്യാപാരികള്‍ മുൻകൂറായി പണം നല്‍കി. എന്നാല്‍, നൈജീരിയന്‍ സംഘം സാധനങ്ങള്‍ വ്യാപാരികള്‍ക്ക് നല്‍കിയതുമില്ല. കബളിപ്പിക്കപ്പെട്ട വ്യാപാരികള്‍ മരുന്ന് കടക്കെതിരെ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

വ്യാപാരികള്‍ക്ക് വന്ന ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നൈജീരിയക്കാരായ യഥാര്‍ത്ഥ പ്രതികളിലേക്കെത്തിയത്. ഇതിന് പുറമെ വിദേശ സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പുരുഷന്‍മാരില്‍നിന്ന് പണം തട്ടിയിട്ടുമുണ്ട്. കടലാസ് ഡോളറാക്കുന്ന രാസലായനി വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് വരെ പലരില്‍നിന്നും പണം തട്ടിയിരുന്നു. മഞ്ചേരി പൊലീസിലെ സൈബര്‍ ഫോറന്‍സിക് ടീമാണ് പ്രതിയെ കുടുക്കിയത്. 

click me!