ക്ലാസില്‍ ബഹളം വെച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം

By Web DeskFirst Published Dec 16, 2016, 6:16 PM IST
Highlights

 കൊടുവള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കന്റി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കൊടുവള്ളി കൊരുവില്‍ മുഹമ്മദിന്റെ മകന്‍ റിന്‍ഷാദിനാണ് അധ്യാപകന്റെ മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അര്‍ധ വാര്‍ഷിക പരീക്ഷ ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് ക്ലാസില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ബഹളം വെച്ചിരുന്നു. ഇത് കേട്ട് ക്ലാസിലെത്തിയ പത്താം ക്ലാസിലെ അറബി അധ്യാപകനായ ഇഖ്ബാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റിന്‍ഷാദ് പറയുന്നു. കോട്ടുവാ ഇട്ടപ്പോഴുണ്ടായ ശബ്ദത്തിന്റെ പേരിലായിരുന്നു അധ്യാപകന്റെ മര്‍ദ്ദനം.

ഇരു കൈകളിലും ഇടത് കാലിലും മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. വൈകിട്ട് അവശനായി വീട്ടിലെത്തിയ റിന്‍ഷാദിനോട് അമ്മ കാര്യം തിരക്കിയപ്പോഴാണ് മര്‍ദ്ദന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് റിന്‍ഷാദിനെ കൊടുവള്ളി  സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അധ്യാപകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.   വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിക്കാനുള്ള കാരണം അറിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റിന്‍ഷാദിന്റെ മാതാവ് കൊടുവള്ളി പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. 

click me!