
കോഴിക്കോട്: നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചരണം നടത്തിയ അഞ്ച് പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് സ്വദേശി അബ്ദുൽ അസീസ്, മൂവാറ്റുപുഴ സ്വദേശികളായ അൻസാർ, ഫെബിൻ, അൻഷാജ്, ഷിഹാബ് എന്നിവരാണ് അറസ്റ്റിലായത്. കോഴിയിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ വ്യാജ ഉത്തരവ് പ്രചരിപ്പിച്ചവരാണിവർ.
ഈ വ്യാജ ഉത്തരവിന്‍റെ പകര്‍പ്പ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചരിച്ചിരുന്നു. പ്രചരണം ശക്തമായതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലായിരുന്നു. കോഴിയില്‍ നിന്ന് നിപ പടരില്ലെന്ന് പലവട്ടം ആരോഗ്യമന്ത്രിയടക്കമുള്ളവര്‍ പ്രസ്താവനകളിറക്കിയിട്ടും അറിയിപ്പ് മാതൃകയിലുള്ള വ്യാജ കുറിപ്പ് പ്രചരിക്കുകയായിരുന്നു.
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഗോവ, തെലങ്കാന, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള സാംപിളുകളില്‍ നിപ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സ്ഥിതിഗതികള്‍ വിലയിരുത്തി. വൈറസ് പടരുന്നത് തടയാന്‍ ജില്ലകളില്‍ പ്രത്യേക ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിപ വൈറസ് മൂലം ഇതുവരെ 17 പേരാണ് മരിച്ചത്. രണ്ടായിത്തോളം പേര്‍ നിരീക്ഷണ പട്ടികയിലുണ്ട്. ഇതുവരെ പുറത്തു വന്ന 193 പരിശോധനാഫലങ്ങളില്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തില്‍ വൈറസ് ബാധയുടെ ഉറവിടം എന്തെന്ന് അറിയാതെ കുഴങ്ങുകയാണ് ആരോഗ്യവകുപ്പ്.
നിപ വൈറസ് പടരുന്നത് തടയാൻ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത തുടരുകയാണ്. പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വൈറസിന്‍റെ രണ്ടാം ഘട്ടം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam