
ദില്ലി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാവികസേന ഉപമേധാവി പി അജിത്കുമാറുമായി സംസാരിച്ചെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ. അടുത്ത 16 മണിക്കൂറിൽ ഫ്രഞ്ച് കപ്പൽ ഒസിറിസ് അഭിലാഷ് ടോമിക്ക് അടുത്തെത്തും. ഓസ്ട്രേലിയൻ നാവികസേനയുമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ ഇന്ത്യൻ നാവികസേനയുടെ പി8 ഐ എന്ന വിമാനം അഭിലാഷിന്‍റെ പായ്‍വഞ്ചി കണ്ടെത്തിയിരുന്നു. അഭിലാഷ് ടോമിയുമായി നാവികസേന ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ട്. എന്നാല്‍ മേഖലയിൽ കനത്ത മഴ പെയ്യുന്നതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നത്. മഴമേഘങ്ങളുള്ളത് കാഴ്ചയെ മറയ്ക്കുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റാണ് മറ്റൊരു വെല്ലുവിളി. പായ്‍വഞ്ചിയുടെ പായ് കെട്ടിയ തൂണ് തകർന്ന അവസ്ഥയിലാണിപ്പോൾ. ഉയർന്ന തിരകളുള്ളതിനാൽ ബോട്ട് നിയന്ത്രിക്കാൻ കഴിയുന്നില്ല.
അടിയന്തര സന്ദേശ സംവിധാനമായ ഇപിഐര്‍ബി എന്ന എമർജൻസി ബീക്കൺ വഴി മാത്രമാണ് അഭിലാഷുമായി സംസാരിക്കുന്നത്. ഓസ്ട്രേലിയൻ നാവികസേനയുടെ പോർക്കപ്പലായ ബല്ലാരറ്റും രക്ഷാപ്രവർത്തനത്തിനായി മേഖലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കപ്പലിന് നാളെയോടെ മാത്രമേ ഇവിടേയ്ക്ക് എത്താനാകൂ. അതിനാല്‍ ചെറുവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ നാവികസേന തെരച്ചില്‍ തുടരുകയാണ്. ജൂലൈ ഒന്നിന് ഫ്രാൻസിലെ 'ലെ സാബ്‍ലെ ദെലോൻ' എന്ന ചെറു തുറമുഖത്തിൽ നിന്ന് തുടങ്ങിയ ലോക സമുദ്ര സഞ്ചാര മത്സരത്തിൽ പങ്കെടുക്കവെ രണ്ട് ദിവസം മുൻപാണ് ടോമിയുടെ പായ്‍വഞ്ചി അപകടത്തിൽപ്പെട്ടത്. അപകടത്തില്‍പെടുമ്പോള്‍ മത്സരത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു ടോമി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam