നിതീഷ് കുമാറും മോദിയും കൂടിക്കാഴ്ച്ച നടത്തി

By Web DeskFirst Published May 27, 2017, 6:20 PM IST
Highlights

സഖ്യസാധ്യതയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കേ  ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയില്‍  കൂടിക്കാഴ്ച്ച നടത്തി. മൗറിഷ്യസ് പ്രധാനമന്ത്രി അനിരുദ്ധ് ജഗന്നാഥുമായുള്ള ഉ​ച്ച​​ഭക്ഷണ വിരുന്നിനാണ് മോദി​നിതീഷിനെ ക്ഷണിച്ചത്.  വിരുന്നിന് ശേഷം ഇരുവരും  പ്രത്യേകം കൂടിക്കാഴ്ച്ച നടത്തി. ബിഹാറിലെ വികസന പ്രശ്നങ്ങളും രാഷ്‌ട്രപതി തെരഞ്ഞെടുപ്പും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായാണ് സൂചന.


കഴിഞ്ഞ ദിവസം രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിലും ഉച്ചഭക്ഷണ വിരുന്നിലും നിതീഷ് കുമാര്‍ പങ്കെടുത്തിരുന്നില്ല.  2013ല്‍ നരേന്ദ്രമോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് 17 വര്‍ഷത്തെ ബിജെപി- ജെഡിയു ബന്ധം നീതീഷ് കുമാര്‍ അവസാനിപ്പിച്ചത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മതേതര മഹാ സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കാനൊരുങ്ങുമ്പോഴാണ് ബിജെപിയുമായി നിതീഷ് കുമാര്‍ അടുക്കുന്നത്.  നോട്ട് നിരോധനത്തെ നിതീഷ് കുമാറും ബിഹാറിലെ മദ്യനിരോധനത്തെ മോദിയും പ്രശംസിച്ചതോടെ സജീവമായ ജെഡിയു- ബിജെപി സഖ്യചര്‍ച്ച  ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയോടെ കൂടുതല്‍ ചര്‍ച്ചയാകുകയാണ്.

 

 

click me!