
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദഗ്ധര്‍ എന്നിവരുടെ നിര്‍ദേശാനുസരണം വേള്‍ഡ് ബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തില്‍ ദേശീയ ആരോഗ്യ രംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനം. നീതി ആയോഗ് റിപ്പോര്‍ട്ട് പ്രകാരം 76.55 മുതല്‍ 80.00 സ്‌കോര്‍ നേടിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
62.02 - 65.21 സ്‌കോര്‍ നേടിയ പഞ്ചാബാണ് രണ്ടാം സ്ഥാനത്ത്. 63.28-63.38 സ്‌കോര്‍ നേടിയ തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്. ജാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിച്ചുവരുന്നു. ഉത്തര്‍ പ്രദേശാണ് ആരോഗ്യ രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനം. ചെറിയ സംസ്ഥാനങ്ങളില്‍ മിസോറാമും മണിപ്പൂരുമാണ് മുന്നില്‍ നില്‍ക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.
ആരോഗ്യ രംഗത്ത് പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ശിശുമരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്കും കുറച്ചു കൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ആശുപത്രികളില്‍ മികച്ച പശ്ചാത്തല സൗകര്യമൊരുക്കി പ്രധാന ജീവനക്കാരുടെ ഒഴിവുകള്‍, വിദഗ്ദ്ധ ജില്ലാ കാര്‍ഡിയാക് യൂണിറ്റുകള്‍ (സി.യു.യു.), പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഗുണനിലവാരം, മാനവ വിഭവശേഷി മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച വലിയ നേട്ടത്തിനുള്ള അംഗീകാരമാണ് ഈ ദേശീയ റിപ്പോര്‍ട്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്.
സംസ്ഥാനത്തെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിരുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക്, ജില്ലാ, ജനറല്‍ എന്നീ ആശുപത്രികളില്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ വിപുലപ്പെടുത്തി. ഇതോടൊപ്പം താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ട്രോമകെയര്‍ സംവിധാനം നടപ്പിലാക്കി വരികയാണ്. മെഡിക്കല്‍ കോളേജുകളില്‍ സമഗ്ര ട്രോമകെയര്‍ സംവിധാനമാണൊരുക്കുന്നത്.
ദില്ലിയില്‍ നടന്ന ചടങ്ങില്‍ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി പ്രീതി സുദന്‍, ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് എന്നിവരാണ് റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചത്. സമഗ്ര മികവിനു കേരളം മുന്നില്‍ എത്തിയെങ്കിലും ചില മേഖലകളില്‍ പിന്നിലായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. നവജാതശിശു മരണനിരക്ക്, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് തുടങ്ങിയവയില്‍ കേരളം മെച്ചപ്പെടാനുണ്ട്.
ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിക്കായി നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തിയിരുന്നു. ആരോഗ്യ മേഖലയില്‍ 4,000 ലധികം തസ്തികകളാണ് സൃഷ്ടിച്ചത്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ജാഗ്രത എന്ന പേരില്‍ പദ്ധതി തയ്യാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടേയും ഏകോപനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ഇങ്ങനെ പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ആരോഗ്യ വകുപ്പിന് കിട്ടിയ അംഗീകാരമാണ് ഈ നേട്ടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam