ആന്ധ്രയിൽ ടിഡിപി സഖ്യമില്ല, എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കും: കോൺഗ്രസ്

By Web TeamFirst Published Jan 23, 2019, 11:37 PM IST
Highlights

നായിഡുവിനും ടിഡിപിക്കും എതിരായ ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും സഖ്യമുണ്ടാക്കിയാൽ അത് ബാധ്യതയാകും എന്നുമാണ് സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിന്റെ വിലയിരുത്തൽ.

ഹൈദരാബാദ്: ആന്ധ്ര പ്രദേശിൽ ടിഡിപിയുമായി സഖ്യമില്ലെന്നു കോൺഗ്രസ്‌.  മുഴുവൻ ലോക്സഭാ - നിയമസഭാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു. ടിഡിപിയുമായി ദേശീയ തലത്തിൽ മാത്രമാണ് നീക്കുപോക്കെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ബിജെപിക്കെതിരെ വിശാല സഖ്യനീക്കത്തിന്  മുന്നിൽ നിന്ന  ചന്ദ്രബാബു നായിഡു, രാഹുൽ ഗാന്ധിയുടെ കൈ പിടിച്ചപ്പോൾ ആന്ധ്രയിൽ ടിഡിപി കോൺഗ്രസ്‌ സഖ്യം പ്രതീക്ഷിച്ചതാണ്. തെലങ്കാനയിലെ മഹാസഖ്യതെ നായിഡു നയിച്ചതോടെ ആന്ധ്ര സഖ്യവും എല്ലാവരും ഉറപ്പിച്ചു. 

എന്നാൽ പോരാട്ടം ഒറ്റയ്ക്ക് മതിയെന്ന് തീരുമാനിക്കുകയാണ് കോൺഗ്രസ്‌. പൊതുതെരെഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുകയാണ്. 175 അസംബ്ലി സീറ്റുകളിലും 25 ലോക്സഭാ സീറ്റുകളിലും ആരുമായും സഖ്യമുണ്ടാവില്ലെന്നു സംസ്ഥാനതിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി പിസിസി യോഗത്തിന് ശേഷം പ്രഖ്യാപിച്ചു. ടിഡിപിയുമായി ദേശീയ തലത്തിലുള്ള സഹകരണം സംസ്ഥാനത്തുണ്ടാകില്ല. സഖ്യകാര്യത്തിൽ രാഹുൽ ഗാന്ധി അന്തിമ തീരുമാനം എടുക്കുമെന്ന് പറഞ്ഞ പി സി സി അധ്യക്ഷൻ രഘുവീര റെഡ്ഢി, പക്ഷെ ഒറ്റക്ക് മത്സരിക്കുന്ന കാര്യത്തിൽ മാറ്റം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. 

ഈ മാസം അവസാനം നേതൃയോഗങ്ങൾ വീണ്ടും ചേരും. തെരഞ്ഞെടുപ്പു  പ്രചാരണത്തിന് തുടക്കമിട്ട് അടുത്തമാസം സംസ്ഥാനമാകെ കോൺഗ്രസ്‌ ബസ് യാത്ര നടത്തും. ടിഡിപി സഖ്യത്തെ കുറിച്ച് സർവേ നടത്തിയ സംസ്ഥാന നേതൃത്വം രണ്ടാഴ്ച മുൻപ് രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട്‌ നൽകിയിരുന്നു. നായിഡുവിനും ടിഡിപിക്കും എതിരായ ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും സഖ്യമുണ്ടാക്കിയാൽ അത് ബാധ്യതയാകും എന്നുമാണ് സംസ്ഥാന കോൺഗ്രസ്‌ നേതൃത്വത്തിന്റെ വിലയിരുത്തൽ.

വൈ എസ് ആർ കോൺഗ്രസിന് ഇത് അനുകൂലമാകും.  തെലങ്കാനയിൽ ടിഡിപി സഖ്യം എട്ടുനിലയിൽ പൊട്ടിയതും കണക്കിലെടുത്ത് ഒറ്റക്ക് മത്സരിക്കുന്നത് സ്വാധീന മേഖലകളിൽ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. അതേ സമയം തെലങ്കാനയിൽ ടിഡിപിയുമായി സഖ്യമുണ്ടാക്കി ലോക്സഭാ തെരെഞ്ഞെടുപ്പിനു ഇറങ്ങരുതെന്നു സംസ്ഥാന നേതാക്കൾ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. നായിഡുവിനെ ഒപ്പം കൂട്ടിയതാണ് ചന്ദ്രശേഖര റാവുവിന് വൻ വിജയമൊരുക്കിയത് എന്നാണ് ഇവരുടെ വാദം. 

click me!