
തൃശൂര്‍: ഡിസിബുക്സിന്‍റെ പുസ്തക മേളയില്‍ ചില പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചാരണങ്ങള്‍ വ്യാജമെന്ന് അധികൃതര്‍. തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ ആരംഭിച്ച ഡി സി പുസ്തകമേളയില്‍ ചില പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച എല്ലാ സർഗാത്മക രചനകളും പുസ്തകമേളയിൽ വായനക്കാർക്ക് ലഭ്യമാണ്. ചില പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തി എന്നുള്ളത് വ്യാജ പ്രചരണം മാത്രമാണെന്നും ഡിസി ബുക്സ് അധികൃതര്‍ വ്യക്തമാക്കി. മീശ നോവലിന്‍റെ പേരില്‍ വീണ്ടും വിവാദവുമായെത്തിയ സംഘപരിവാര്‍, മേള നടത്തുന്നതിനെ എതിര്‍ക്കുകയും മേളയ്ക്ക് മുന്നില്‍ ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എല്ലാ ആശയ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുന്ന പുസ്തകമേളയാണ് ഡി സി ബുക്സ് പാറമേക്കാവ് അഗ്രശാലയിൽ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാത്തരം പുസ്തകങ്ങളും ഇവിടെ ലഭ്യമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില തല്പരകക്ഷികൾ പുസ്തകമേളയ്ക്ക് ആദ്യം മുതൽ തന്നെ തടസം സൃഷ്ടിച്ചതിനാൽ മുഴുവൻ പുസ്തകങ്ങളും എത്തിക്കാൻ പ്രയാസം നേരിട്ടിരുന്നു. അച്ചടിയിലുള്ള എല്ലാ പുസ്തകങ്ങളും വരും ദിനങ്ങളിൽ മേളയിൽ ലഭ്യമായിരിക്കും. കോടതി താത്കാലികമായി വിൽപന തടഞ്ഞ പുസ്തകങ്ങൾ മാത്രമാണ് പുസ്തകമേളയിൽ ലഭ്യമല്ലാത്തത്. ഡി സി ബുക്സിന്റെ മറ്റൊരു ശാഖയിലും ഈ പുസ്തകങ്ങൾ ലഭ്യമല്ല. അതിനാൽത്തന്നെ യാതൊരു പുസ്തകത്തിനും മേളയിൽ വിലക്കേർപ്പെടുത്തിയിട്ടില്ല. സ്വതന്ത്രചിന്തയ്ക്കും ആവിഷ്കാരത്തിനും വേണ്ടിയാണ് ഡി സി ബുക്സ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. അത് തുടരാൻ ഡി സി ബുക്സ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വിവാദ നോവല്‍ 'മീശ'യുടെ പേരില്‍ ഡിസി ബുക്‌സിന്റെ പുസ്തകമേള തടയാന്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്നു. തൃശൂരില്‍ ശനിയാഴ്ച മേള തുടങ്ങാനിരിക്കെ, മേളയ്ക്കായി എത്തിച്ച പുസ്തകങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അനുവദിച്ചിരുന്നില്ല. പാറമേക്കാവ് അഗ്രശാലയിലാണ് വര്‍ഷങ്ങളായി ഡിസി ബുക്‌സിന്റെ പുസ്തകമേള നടക്കാറുള്ളത്. മേളയ്ക്കായി നേരത്തെ തന്നെ ഹാള്‍ മുന്‍കൂര്‍ തുക നല്‍കി ബുക്ക് ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കോട്ടയത്ത് നിന്ന് പുസ്തകങ്ങളടങ്ങിയ വാഹനം പാറമേക്കാവ് അഗ്രശാലയിലെത്തിയത്. വിവരമറിഞ്ഞ് ദേവസ്വത്തിലെ ബിജെപി അനുഭാവികളാണ് എതിര്‍പ്പുയര്‍ത്തി ആദ്യം രംഗത്തെത്തിയത്.
പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകരുമെത്തി. ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡിസിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നും ഇവര്‍ വാദിച്ചു. മീശ വിവാദത്തിന് ശേഷം ചേര്‍ന്ന ദേവസ്വം മാനേജിംഗ് കമ്മിറ്റിയില്‍ അഗ്രശാല പുസ്തകമേളകള്‍ക്കായി വിട്ടു നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും കമ്മിറ്റിയംഗങ്ങള്‍ അറിയാതെയാണ് ഇപ്പോള്‍ ഹാള്‍ അനുവദിച്ചിരിക്കുന്നതെന്നും മാനേജിങ് കമ്മിറ്റിയംഗവും ബി.ജെ.പി നേതാവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ കെ. മഹേഷ് പറഞ്ഞു.
അതേസമയം, മേളയ്ക്കായി ദേവസ്വം ഹാള്‍ നേരത്തെ തന്നെ ഡിസി അധികൃതര്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നും ഇതിനായി പ്രത്യേകം കരാറുണ്ടാക്കിയിട്ടുണ്ടെന്നും ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. കരാര്‍ ലംഘിക്കുന്നെങ്കില്‍ മാത്രമേ ദേവസ്വം ഇടപെടേണ്ടതുള്ളൂവെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്.
പ്രതിഷേധം രൂക്ഷമായതോടെ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാര്‍, ദേവസ്വം അധികൃതര്‍, ഡിസി ബുക്‌സ് പ്രതിനിധികള്‍ എന്നിവരുമായി സംസാരിച്ചുവെങ്കിലും വിട്ടുവീഴ്ചക്ക് പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഹാളിന് മുന്നില്‍ ഇവിടെ ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല എന്ന് ബോര്‍ഡ് പ്രദര്‍ശിപ്പിച്ച് മേള നടത്താമെന്ന ഉപാദി പ്രതിഷേധകര്‍ മുന്നോട്ട് വച്ചു. തുടര്‍ന്നാണ് മേളയില്‍ ചില പുസ്തകങ്ങൾക്ക് വിലക്കേർപ്പെടുത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam