നമ്പി നാരായണന് പുരസ്കാരം നല്‍കിയത് രാഷ്ട്രപതി; സെന്‍കുമാറിനോട് പ്രതികരിക്കാനില്ല: ശ്രീധരൻ പിള്ള

By Web TeamFirst Published Jan 26, 2019, 2:42 PM IST
Highlights

ബിജെപിയുടെ സഹയാത്രികനായി പൊതുവേദിയിൽ നിറഞ്ഞുനിൽക്കുന്നിനിടെയാണ് മോദി സർക്കാരിന്‍റെ തീരുമാനത്തെ വിമർശിച്ച് സെൻകുമാറിന്‍റെ പരാമര്‍ശം. ഇങ്ങനെ പോയാൽ ഗോവിന്ദചാമിക്കും അടുത്തവർഷം അവാർഡ് കിട്ടുമെന്ന് പരിഹസിച്ചു

തിരുവനന്തപുരം: നമ്പി നാരായണന് പത്മഭൂഷണൻ നൽകിയതിനെതിരെ ആഞ്ഞടിച്ച് മുൻ ഡിജിപി സെൻകുമാർ നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിക്കാനില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള. ബിജെപിയുടെ സഹയാത്രികനായി പൊതുവേദിയിൽ നിറഞ്ഞുനിൽക്കുന്നിനിടെയാണ് മോദി സർക്കാരിന്‍റെ തീരുമാനത്തെ വിമർശിച്ച് സെൻകുമാറിന്‍റെ പരാമര്‍ശം.

എന്ത് ചെയ്തതിന്‍റെ പേരിലാണ് അവാർഡെന്ന് ചോദിച്ച സെൻകുമാർ ഇങ്ങനെ പോയാൽ ഗോവിന്ദചാമിക്കും അടുത്തവർഷം അവാർഡ് കിട്ടുമെന്ന് പരിഹസിച്ചു. എന്ത് സംഭവാനയാണ് ബഹിരാകാശ രംഗത്ത് നമ്പി നാരായണൻ നൽകിയ്ത്? എന്തിനാണ് 1994ൽ ഇയാൾ വിരമിക്കാൻ കത്ത് നൽകിയത്? ചാരക്കേസിൽ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി അന്വേഷണം പൂർത്തിയാക്കും വരെ കാത്തിരിക്കാതെ ധൃതിപിടിച്ച് പുരസ്കാരം നൽകിയത് എന്തിനാണെന്നും സെൻകുമാർ ചേദിച്ചു.

താൻ കൊടുത്ത നഷ്ടപരിഹാരക്കേസിലെ എതികക്ഷി പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് നമ്പി നാരായണൻ സെന്‍കുമാറിന് മറുപടി നല്‍കിയിരുന്നു. ചാരക്കേസ് അന്വേഷിക്കാനല്ല, കേസ് കെട്ടിച്ചമച്ചതിലെ അന്വേണ ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്താനാണ് സുപ്രീംകോടതിയുടെ സമിതിയെന്ന കാര്യം സെൻകുമാറിന് അറിയില്ലെ എന്ന് നമ്പി നാരായണൻ ചോദിച്ചു. 

എന്തെങ്കിലും പറയാനുണ്ടെങ്കിൽ സമിതിക്ക് മുന്നിലോ താൻ കോടുത്ത നഷ്ടപരിഹാര കേസിൽ എതിർകക്ഷി എന്ന നിലയിൽ കോടതിയിലോ ആണ് പറയേണ്ടത്. താൻ വികസിപ്പിച്ച വികാസ് എ‌ഞ്ചിനാണ് ഇന്ത്യക്ക് ഒരുകാലത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കിയതെന്നും നമ്പി നാരായണൻ വ്യക്തമാക്കി. എന്തുകൊണ്ടാണ് തനിക്ക് പുരസ്കാരം നൽകിയതിൽ സെൻകുമാറിന് ഇത്ര വെപ്രാളമെന്ന് അറിയില്ലെന്നും നമ്പി നാരായണൻ കൂട്ടിച്ചേർത്തു.

click me!