അത്ര സഭ്യത പോരാ; നിയമസഭാ ഹോസ്റ്റല്‍ വളപ്പില്‍ ബര്‍മുഡ ഇട്ടാല്‍ പ്രവേശനമില്ല

By Web TeamFirst Published Dec 13, 2018, 11:10 AM IST
Highlights

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ഹോസ്റ്റലില്‍ തങ്ങുന്നുണ്ട്. അതുകൊണ്ട് ബര്‍മുഡ ധരിച്ച് വളപ്പില്‍ കയറാന്‍ പാടില്ലെന്ന മറുപടിയാണ്  സുരക്ഷാ ജീവനക്കാര്‍ നല്‍കിയത്

തിരുവനന്തപുരം: നിയമസഭാ ഹോസ്റ്റല്‍ വളപ്പിലേക്ക് ബര്‍മുഡ ഇട്ട് വന്നാല്‍ പ്രവേശനമില്ല. ബര്‍മുഡ സഭ്യതയ്ക്ക് ചേര്‍ന്ന വസ്ത്രമല്ലെന്നാണ് നിയമസഭാ സുരക്ഷ വിഭാഗത്തിന്‍റെ വാദം. ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭാ ഹോസ്റ്റല്‍ വളപ്പിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ എത്തിയവരെ ബര്‍മുഡ ധരിച്ചെന്ന പേരില്‍ സുരക്ഷാ ജീവനക്കാര്‍ തടയുകയും ചെയ്തു.

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ഹോസ്റ്റലില്‍ തങ്ങുന്നുണ്ട്. അതുകൊണ്ട് ബര്‍മുഡ ധരിച്ച് വളപ്പില്‍ കയറാന്‍ ആവില്ലെന്ന മറുപടിയാണ് ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ക്ക് സുരക്ഷാ ജീവനക്കാര്‍ നല്‍കിയത്. ബര്‍മുഡ, നിയമസഭ ഹോസ്റ്റില്‍ വളപ്പില്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവൊന്നും ഏതായാലും ഇറങ്ങിയിട്ടില്ല.

വാക്കാലുള്ള നിര്‍ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ 'ബര്‍മുഡ' നിരോധനം ഏര്‍പ്പെടുത്തുന്നത്. എന്നാല്‍, ബര്‍മുഡ ധരിച്ച് വളപ്പില്‍ കയറരുതെന്നുള്ള നിര്‍ദേശം സന്ദര്‍ശകര്‍ക്ക് മാത്രമേയുള്ളൂ. ഹോസ്റ്റലില്‍ താമസിക്കുന്ന എംഎല്‍എമാരുടെ കുടുംബാംഗങ്ങള്‍ക്ക് ബര്‍മുഡ ഇട്ട് കറങ്ങുന്നതിന് ഒരു വിലക്കുമില്ല.

സുരക്ഷ ജീവനക്കാര്‍ സാധാരണ ബർമുഡ ധരിച്ച് പ്രവേശിക്കാൻ അനുവദിക്കാറുള്ളതാണ്. ഇപ്പോൾ എന്തടിസ്ഥാനത്തിലാണ് ബര്‍മുഡ സഭ്യതയ്ക്ക് നിരക്കാത്ത വസ്ത്രമാണെന്ന് പറയുന്നതെന്ന ചോദ്യമാണ് ഈ വിഷയത്തിലെ പരാതിക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്. ബര്‍മുഡയെ മോശം വസ്ത്രമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

മിക്ക ദിവസങ്ങളിലും പ്രത്യേകിച്ച് ഹര്‍ത്താല്‍ ദിനത്തിലും മറ്റും എംഎല്‍എ ഹോസ്റ്റല്‍ വളപ്പിലെ കോഫി ഹൗസിനെയും ഹോട്ടലിനെയും ആശ്രയിക്കുന്നവര്‍ നിരവധിയാണ്. അങ്ങനെ വരുന്നവരെ ബര്‍മുഡ ധരിച്ചെന്ന പേരില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് ശരിയല്ലെന്നും പരാതിക്കാര്‍ പറയുന്നു.

അനധികൃത പാര്‍ക്കിംഗ് നടത്തുന്നുവെന്ന എന്ന പേരില്‍ എംഎല്‍എ ഹോസ്റ്റല്‍ വളപ്പിലേക്ക് വാഹനങ്ങള്‍ കയറ്റുന്നതിലും ഇപ്പോള്‍ നിയന്ത്രണങ്ങളുണ്ട്. ഇതോടെ എംഎല്‍എമാരെ കാണാന്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുനവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. എംഎല്‍എമാരുടെ വാഹനം തന്നെ പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കുറവാണ്. അപ്പോള്‍ പുറത്ത് നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താതെ തരമില്ലെന്നാണ് ഈ വിഷയത്തില്‍ സുരക്ഷാ ജീവനക്കാരുടെ വിശദീകരണം. 

click me!