ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; ഗതാഗത കമ്മീഷണറോട് ഗതാഗത മന്ത്രി വിശദീകരണം തേടി

By Web DeskFirst Published Jul 1, 2016, 12:12 AM IST
Highlights

തിരുവനന്തപുരം: ഹെൽമെറ്റില്ലെങ്കിൽ ഇരുചക്രവാഹനക്കാർക്ക് പെട്രോൾ നൽകില്ലെന്ന് തീരുമാനിച്ചതിൽ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയോട് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വിശദീകരണം തേടി. തീരുമാനം ജനങ്ങളെ ദ്രോഹിക്കുന്നതാണെന്ന് ഗതാഗതമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ അറിയാതെ നയപരമായ തീരുമാനം പ്രഖ്യാപിച്ചതിൽ മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്.

ഹെൽമറ്റില്ലെങ്കിൽ പെട്രോളില്ലെന്ന തച്ചങ്കരിയുടെ തീരുമാനം വന്നതിന് തൊട്ടു പിന്നാലെ ഗതാഗതമന്ത്രി എതിർപ്പ് സൂചിപ്പിച്ചിരുന്നു. താനറിയാതെ തീരുമാനം പ്രഖ്യാപിച്ചത് വിശദീകരിക്കണമെന്നാണ് എ കെ ശശീന്ദ്രൻ ടോമിൻ തച്ചങ്കരിയോടാവശ്യപ്പെട്ടത്. നയപരമായ തീരുമാനങ്ങൾ സർക്കാർ അറിയാതെ പ്രഖ്യാപിക്കുന്നത് ശരിയായ കീഴ്വഴക്കമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണനുമായുള്ള അഭിമുഖത്തിൽ തച്ചങ്കരിയുടെ തീരുമാനത്തോടുള്ള അതൃപ്തി മന്ത്രി തുറന്ന് സമ്മതിച്ചു.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ തീരുമാനം പിൻവലിക്കുമെന്നും മന്ത്രി ആവർത്തിച്ചു. അതേസമയം, മന്ത്രിയുടെ നടപടിയിൽ ടോമിൻ തച്ചങ്കരി പ്രതികരിച്ചില്ല. പുതിയ തീരുമാനമല്ലെന്ന വിശദീകരണമാകും ഗതാഗത കമ്മീഷണർ നൽകുക എന്നാണ് വിവരം. മറ്റ് പല സംസ്ഥാനങ്ങളിലും കേരളത്തിലെ പലയിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഇതിനകം നടപ്പാക്കിയ പദ്ധതിയാണെന്നും തച്ചങ്കരി വിശദീകരിക്കാനിടയുണ്ട്. അതേസമയം, സർക്കാർ പുറം തിരിഞ്ഞുനിൽക്കുന്നതോടെ ഹെൽമറ്റില്ലെങ്കിൽ പെട്രോളില്ലെന്ന തീരുമാനം ഇനി നടപ്പാക്കാനുള്ള സാധ്യത കുറവാണ്.

click me!