ഓണാഘോഷമില്ല, പ്രളയത്തെ മറികടക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി

Published : Aug 14, 2018, 12:58 PM ISTUpdated : Sep 10, 2018, 03:32 AM IST
ഓണാഘോഷമില്ല, പ്രളയത്തെ മറികടക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി

Synopsis

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് തീരുമാനിച്ചു. ആഘോഷ പരിപാടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുമെന്നും മുഖ്യമന്ത്രി  അറിയിച്ചു. 

തിരുവന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ വേണ്ടെന്ന് തീരുമാനിച്ചു. ആഘോഷ പരിപാടികള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുമെന്നും മുഖ്യമന്ത്രി  അറിയിച്ചു. ഒരു വലിയ വിഭാഗം ദുരിതം അനുഭവിക്കുമ്പോള്‍  ആഘോഷം നടത്തുന്നില്‍ അര്‍ഥമില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.  നെഹ്റു ട്രോഫി താല്‍ക്കാലികമായി മാറ്റിവച്ചിട്ടുണ്ട്. സാഹചര്യം വിലയിരുത്തി അന്തിമ തീരുമാനം പിന്നീട് എടുക്കും.

പ്രതിസന്ധി മറികടക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് ദിവസത്തെ ശമ്പളം നല്‍കാനാണ് അഭ്യര്‍ഥന. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും അവരുടെ പൊതുനന്മാ ഫണ്ട് സംഭാവന ചെയ്യണം. ഓണാഘോഷത്തിനായി മാറ്റിവച്ചതിന്‍റെ ഒരു പങ്ക് നല്‍കാന്‍ മറ്റു സ്ഥാപനങ്ങളും ജനങ്ങളും തയ്യാറാകണം. വിദേശത്തു നിന്നുള്ള സംഭാവനകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് വിവിധ മണി  എക്സ്ചേഞ്ച് സ്ഥാപനങ്ങള്‍ അറിയിച്ചിട്ടുണ്ട്. സംഭാവന സ്വീകരിക്കുന്നതിനുള്ള ഫീസ് ഒഴിവാക്കാന്‍ സഹകരണ ബാങ്കുകളോട് ആവശ്യപ്പെട്ടു.

സംസ്ഥാനം നേരിട്ടത് സമാനാതകളില്ലാത്ത  ദുരന്തമാണ്. 8316 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുവരെ 38 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാല് പേരെ കാണാതായിട്ടുണ്ട്. 20000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 10000 കിലോമീറ്റര്‍ റോഡും തകര്‍ന്നിട്ടുണ്ട്.  215 ഇടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. ദുരന്തത്തെ നേരിടാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ്  സംസ്ഥാനം നടത്തുന്നത്. കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ മികച്ച പിന്തുണയാണ് നല്‍കിയത്. കേന്ദ്രസംഘം വീണ്ടും സംസ്ഥാനത്ത് എത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ദുരന്തത്തില്‍ നിന്ന് ജനങ്ങളെ കൈ പിടിച്ച് കയറ്റാന്‍ സര്‍ക്കാരില്‍ നിന്ന് സമയബന്ധിതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. 

പുനരധിവാസ  സഹായ വിതരണത്തിനായി മന്ത്രിസഭയുടെ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരായ ഇപി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, മാത്യ ടി തോമസ്, എകെ ശശീന്ദ്രന്‍, രാമന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് സമിതിയിലുള്ളത്.  വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സമയബന്ധിതമായി ഇവ നല്‍കാന്‍ ജില്ലകളില്‍ അദാലത്തുകള്‍ നടത്തും. ഇതിനായി മന്ത്രിമാരെയും സെക്രട്ടറി തല ഉദ്യോഗസ്ഥരെയും നിശ്ചയിച്ചിട്ടുണ്ട്.

അടുത്ത മാസം ഒന്നു മുതല്‍ 15 വരെയാകും അദാലത്തുകള്‍. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കണം. ഇതിനുള്ള തുക സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കൈമാറും. വെള്ളക്കെട്ടിനെ തുടര്‍ന്ന് രണ്ട് ദിവസമെങ്കിലും മാറി താമസിക്കേണ്ടി വന്നവര്‍ക്ക് 10000 രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.  പ്രളയാധിത പ്രദേശങ്ങളില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.  മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കും. കൃഷിക്കാര്‍ക്ക് സൗജന്യമായി വിത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സഹായം നല്‍കുന്ന അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ്, കൂടുതൽ വകുപ്പുകളും ചുമത്തും; കർശന നടപടി
നാട്ടകത്തെ വാഹനാപകടം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു