പ്രക്ഷോഭങ്ങളുണ്ടാകുമെന്ന് ഭയം; എരുമേലിയിൽ കടകള്‍ തുറക്കാന്‍ അളില്ല

By Web TeamFirst Published Oct 30, 2018, 7:04 AM IST
Highlights

പമ്പയും നിലയ്ക്കലും കഴിഞ്ഞാൽ പ്രധാന ബേസ് ക്യാമ്പായ എരുമേലിയിൽ പ്രക്ഷോഭങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഇത് അക്രമാസക്തമായാൽ വൻ നാശനഷ്ടവുമുണ്ടാകും

എരുമേരി: ശബരിമല മണ്ഡലകാലത്തേക്ക് എരുമേലിയിൽ കടകൾക്കായി ദേവസ്വം ബോർഡ് നടത്തിയ ലേലം കരാറുകാർ ബഹിഷ്ക്കരിച്ചു. യുവതി പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വ്യക്തത വന്നതിന് ശേഷമേ ലേലത്തിൽ പങ്കെടുക്കൂവെന്നാണ് കരാറുകാരുടെ നിലപാട്. 48 കടകൾക്കായാണ് എരുമേലിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ലേലം സംഘടിപ്പിച്ചത്.

യുവതി പ്രവേശവുമായി ബന്ധപ്പെട്ട് കോടതി വിധി സംബന്ധിച്ച ആശങ്ക നിലനിൽക്കുന്നതിനാൽ തീർത്ഥാടകർ കുറയുമോയെന്ന സംശയം കരാറുകാർ ഉന്നയിച്ചു. പമ്പയും നിലയ്ക്കലും കഴിഞ്ഞാൽ പ്രധാന ബേസ് ക്യാമ്പായ എരുമേലിയിൽ പ്രക്ഷോഭങ്ങളുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ഇത് അക്രമാസക്തമായാൽ വൻ നാശനഷ്ടവുമുണ്ടാകും. ഈ ആശങ്കകൾ പറഞ്ഞാണ് കരാറുകാർ ലേലത്തിൽ നിന്ന് വിട്ടുനിന്നത്. ലേലം തുടങ്ങിയപ്പോൾ പണം ഇപ്പോൾ നൽകാൻ കഴിയില്ലെന്നായിരുന്നു കരാറുകാരുടെ നിലപാട്. ഇത് നാലാം തവണയാണ് ലേലം പരാജയപ്പെടുന്നത്.

ഓരോ സ്ഥലത്തിനും ശരാശരി 10 ലക്ഷം രൂപവരെ ബോർഡിന് കിട്ടുന്ന ലേലമാണ് കരാറുകാർ ബഹിഷ്ക്കരിച്ചത്. കോടികളുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടാകുന്നത്. കരാറുകാരുടെ സൗകര്യാർത്ഥം വീണ്ടും ലേലം സംഘടിപ്പിക്കുമെന്നാണ് ദേവസ്വം ബോർഡിന്റ വിശദീകരണം. മണ്ഡലകാലത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് കടമുറകളുടെ ലേലം അനിശ്ചതമായി നീളുന്നത്. 

click me!