
ദില്ലി: യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച സഹായം കേരളത്തിന് ലഭ്യമാകുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഏതെങ്കിലും വിദേശ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കുന്നതിന് തടസമുണ്ടെന്നാണ് വിവരം. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം പറയുന്നത്. നിലവില്‍ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് നയമില്ല. വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കാറുള്ളത് വായ്പയായി മാത്രമാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു.
അതേസമയം ദുബായ് സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചപ്പോള്‍ അതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധമാണ് ഇത് സൂചിപ്പിക്കുന്നതെന്നായിരുന്നു അദ്ദേഹം അന്ന് ട്വിറ്ററില്‍ പറഞ്ഞത്. അതിനോടൊപ്പം കേരളത്തിനുള്ള സഹായത്തിന്‍റെ കാര്യം പ്രധാനമന്ത്രിയുമായി യുഎഇ ഭരണാധികാരികള്‍ സംസാരിച്ചിരുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
2005 മുതല്‍ സഹായം ഒന്നും സ്വീകരിക്കേണ്ട എന്ന നിലപാട് ഇന്ത്യ തുടരുകയാണ്. സുനാമിക്ക് ശേഷം പോലും വിദേശ സഹായം വേണ്ട എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഉത്തരാഖണ്ഡിന് ശേഷം അമേരിക്കയും ജപ്പാനും സഹായം വാഗ്ദാനം ചെയ്തപ്പോള്‍ സാമ്പത്തിക സഹായം വേണ്ട എന്ന നിലപാടാണ് ഇന്ത്യ എടുത്തത്. ജമ്മു കശ്മീരില്‍ പ്രളയമുണ്ടായപ്പോഴും ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ഇന്ത്യ സ്വീകരിച്ചിരുന്നില്ല.
അതേസമയം വ്യക്തിപരമായി നല്‍കുന്ന സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യയുടെ അംബാസിഡറില്‍ നിന്ന് വ്യക്തിപരമായി പ്രധാനമന്ത്രിയുടെ ദുരിതാശവാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിച്ചിരുന്നു. അതുപോലെ സന്നദ്ധ സംഘടനകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ക്ക് പകരം വായ്പയായി മാത്രമെ സഹായങ്ങള്‍ സ്വീകരിച്ചിട്ടുള്ളൂ എന്നതാണ് മുന്‍കാല അനുഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam