ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീന്‍: ഇലക്ഷന്‍ കമ്മീഷന്‍ വെല്ലുവിളി സ്വീകരിക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍

By Web DeskFirst Published May 25, 2017, 6:58 PM IST
Highlights

ദില്ലി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താമെന്ന ആരോപണം തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയെങ്കിലും ഇതുവരെ ആരും മുന്നോട്ട് വന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തുമെന്ന് തെളിയിക്കാന്‍ തയ്യാറുള്ള പാര്‍ട്ടികള്‍ മെയ് 26ന് മുമ്പ് വിവരം അറിയിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നത്.

എന്നാല്‍ ആരോപണം ഉന്നയിച്ച പാര്‍ട്ടികളടക്കം ആരും രംഗത്ത് വന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വെല്ലുവിളി ഏറ്റെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, ആരോപണം തെളിയിക്കാന്‍ ജൂണ്‍ 3ന് അവസരം നല്‍കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഓരോ പാര്‍ട്ടിയില്‍ നിന്നും രണ്ട് പേര്‍ക്ക് വീതം വെല്ലുവിളിയില്‍ പങ്കെടുക്കാം. ഇവര്‍ ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം എന്നതാണ് ഏക നിബന്ധന. 

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതായി ആം ആദ്മി പാര്‍ട്ടിയാണ് ആരോപണം ഉന്നയിച്ചത്. ബി.എസ്.പിയും തൃണമുല്‍ കോണ്‍ഗ്രസും ഈ ആരോപണത്തെ പിന്തുണച്ചു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിക്കുകയും ആരോപണം തെളിയിക്കാന്‍ അവസരം നല്‍കാമെന്ന് വ്യക്തമാക്കുകയുമായിരുന്നു.

click me!