ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയാണുണ്ടായത്. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് അധിഷേപിച്ചു. അതിൽ മനം നൊന്താണ് ഡിഎൻഎ പരിശോധനക്കായി പോയത്- യുവതിയുടെ മൊഴി

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗ പരാതിയിലെ വിശദാംശങ്ങൾ പുറത്ത്. ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച് പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പൊലീസ് സംഘം രാഹുലിനെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും രാത്രി 12.30 ഓടെ കസ്റ്റഡിയിലെടുത്തത്. രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും, സാമ്പത്തിക ചൂഷണവും നടത്തിയെന്നാണ് പരാതി. ഇ-മെയിലിൽ ലഭിച്ച പരാതിയിൽ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പഴുതടച്ച നീക്കത്തിലൂടെ രാഹുൽ മാങ്കൂട്ടത്തലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നുമാണ് മൊഴി. പക്ഷെ, ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ല. ഇതിനുള്ള തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സാമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. രാഹുൽ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതിയുടെ മൊഴിയിലുണ്ട്.

'തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകൻ ആയതിനാൽ പൊതുവിടത്തിൽ കാണാൻ ആകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയപാടെ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി പൊലീസിന് മൊഴി നൽകി.

തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയാണുണ്ടായത്. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് അധിഷേപിച്ചു. അതിൽ മനം നൊന്താണ് ഡിഎൻഎ പരിശോധനക്കായി പോയത്. പിന്നാലെ രാഹുലിന്റെ ഭാഗത്ത് നിന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദ്ദം ഉണ്ടായി. അപമാനവും ഭീഷണികളും തന്നെ കടുത്ത ശാരീരിക, മാനസിക സമർദത്തിൽ ആക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു.

തുടർന്ന് ഗർഭം അലസി. അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇ-മെയിലിനും മറുപടിയില്ലായിരുന്നു. ഒടുവിൽ രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു. കടുത്ത ശാരീരിക മനസിക പ്രശ്നങ്ങൾ താൻ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. എന്നാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ രാഹുൽ വീണ്ടും ബന്ധപ്പെട്ടു. തകർന്നിരുന്ന തന്നോട് വീണ്ടും അടുപ്പത്തിന് ശ്രമിച്ചു. ഭാവിയിൽ ഒരുമിച്ച് ജീവിക്കാം എന്നും വാഗ്ദാനം നൽകി. പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു.

തുടർന്ന് താനും രാഹുലും ബിൽടെക് ഗ്രൂപ്പിനെ സമീപിച്ചു. ഫ്ലാറ്റ് വാങ്ങൽ നടന്നില്ല എങ്കിലും പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയെന്ന് യുവതി പറയുന്നു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകി. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോ അതിൽ വസ്തുതയുണ്ടെന്ന് മനസ്സിലാക്കി. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുൽ ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും രാഹുൽ ഭീഷണി മുഴക്കിയെന്നും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു.