ഷോപ്പിങ്ങിനെന്ന് പറഞ്ഞ് യുവതി കൈക്കുഞ്ഞുമായി അമ്മ ലളിത താമസിക്കുന്ന വീട്ടിലെത്തി. പിന്നാലെ മുറിയിൽ കയറി വാതിലടച്ച് കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
ഹൈദരാബാദ്: ഭർത്താവുമായി വഴക്കിട്ട് വീടുവിട്ടിറിങ്ങിയ യുവതി പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നശേഷം ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. 27കാരിയായ സുഷമയും മകൻ യശ്‌വർധൻ റെഡ്ഡിയുമാണ് മരിച്ചത്. ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെ യുവതി തന്റെ മാതാവിന്‍റെ വീട്ടിലെത്തി ജീവനൊടുക്കപതയായിരുന്നു. മകളും ചെറുമകനും മരിച്ചു കിടക്കുന്നത് കണ്ടതിന് പിന്നാലെ യുവതിയുടെ അമ്മയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് ദാരുണമായ മരണങ്ങൾ സംഭവിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റായ യശ്വന്ത് റെഡ്ഡിയും സുഷമയും തമ്മിൽ വിവാഹിതരായി നാല് വർഷം കഴിഞ്ഞു. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. ഇന്നലെയും ഭർത്താവും സുഷമയും തമ്മിൽ വഴക്കുണ്ടായി. ഇതിന് പിന്നാലെ ഷോപ്പിങ്ങിനെന്ന് പറഞ്ഞ് യുവതി കൈക്കുഞ്ഞുമായി അമ്മ ലളിത താമസിക്കുന്ന വീട്ടിലെത്തി. പിന്നാലെ മുറിയിൽ കയറി വാതിലടച്ച് കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു.
ഷോപ്പിംഗിന് പോയ ഭാര്യയെ കാണാതായതോടെ ഭർത്താവ് രാത്രി 9.30ഓടെ ഭാര്യ മാതാവിന്‍റെ വീട്ടിലെത്തി. ലളിതയുടെ വീട്ടിലെത്തിയ യശ്വന്ത് പലതവണ വിളിച്ചിട്ടും സുഷമ വിളി കേട്ടില്ല. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രതികരണമില്ലാഞ്ഞതോടെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ഭാര്യയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. മകളും കൊച്ചുമകനും മരിച്ചുകിടക്കുന്നത് കണ്ട മനോവേദനയിൽ യുവതിയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


