നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കാന്‍ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ല; പാലക്കാട് ഒഴിവുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം

By Web TeamFirst Published Jan 31, 2019, 5:49 PM IST
Highlights

തൃശൂർ, എറണാകുളം ജില്ലകളിൽ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ. പാലക്കാട്‌ ജില്ലയിൽ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകൾ പരിശോധിക്കാൻ നിർദ്ദേശം.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കാന്‍  തൃശൂർ, എറണാകുളം ജില്ലകളിൽ ഒഴിവുള്ള വനിതാ ജഡ്ജിമാർ ഇല്ലെന്നു രജിസ്ട്രാർ ഹൈക്കോടതിയെ അറിയിച്ചു. പാലക്കാട്‌ ജില്ലയിൽ നിന്നുള്ള വനിതാ ജഡ്ജിമാരുടെ ഒഴിവുകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. അടുത്ത വ്യാഴാഴ്ച പുതിയ പട്ടിക നൽകാനും കോടതി നിർദ്ദേശിച്ചു. 

എറണാകുളം, തൃശൂർ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ പട്ടിക വ്യാഴാഴ്ചക്കകം ലഭ്യമാക്കാൻ രജിസ്ട്രാറോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിചാരണക്കായി വനിതാ ജഡ്ജി വേണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരയായ തനിക്ക് വനിതാ ജഡ്ജി വേണമെന്നത് തന്റെ അവകാശമാണെന്ന് നടി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.  

പുട്ടുസ്വാമി കേസിൽ സ്വകാര്യത ഇരയുടെ അവകാശമാണെന്ന 2017 ലെ സുപ്രീംകോടതി വിധിയും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്നാണ് കോടതി എറണാകുളം, തൃശൂർ ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ ലഭ്യത പരിശോധിക്കാൻ നിർദ്ദേശം നൽകിയത്.

അതേസമയം സ്ത്രീകളും ഇരകളാകുന്ന കേസുകൾ പരിഗണിക്കേണ്ട കോടതികളുടെ അപര്യാപ്തതയും സൗകര്യക്കുറവും സംസ്ഥാനത്ത് അതീവ ഗൗരവതരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. ഇതു മൂലം പലപ്പോഴും നിർഭയമായി മൊഴി നൽകുവാൻ കഴിയുന്നില്ല. 

കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർദ്ധിച്ചെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്ക് മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

click me!