പാലായിലെ കന്യാസ്ത്രീയുടെ കൊലപാതകം: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം

By Web TeamFirst Published Dec 21, 2018, 1:04 PM IST
Highlights

പാലാ ലിസ്യൂ കർമ്മലീത്ത കോൺവെന്റിലെ കന്യാസ്ത്രീയെ മോഷണശ്രമത്തിനിടെയാണ് സതീഷ് ബാബു കൊലപ്പെടുത്തിയത്. കന്യാസ്ത്രീയെ തലക്കടിച്ച ശേഷം  പ്രതി ബലാത്സംഗം ചെയ്തിരുന്നു.

പാലാ: പാലായിൽ കന്യാസ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. പാലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തവും, ബലാൽസംഗത്തിന് 10 വർഷം കഠിനതടവും, അതിക്രമിച്ചു കടക്കലിന് ഏഴുവർഷവും, ഭവനഭേദനത്തിന് ഒൻപത് മാസം എന്നിവയാണ് ശിക്ഷ. സതീഷ്ബാബുവിന് അജീവനാന്തം തടവ് നൽകണമെന്ന്  ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് അല്ലാത്തതിനാല്‍  വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടിരുന്നില്ല. 

പാലാ ലിസ്യൂ കർമ്മലീത്ത കോൺവെന്റിലെ കന്യാസ്ത്രീയെ മോഷണശ്രമത്തിനിടെയാണ് സതീഷ് ബാബു കൊലപ്പെടുത്തിയത്. കന്യാസ്ത്രീയെ തലക്കടിച്ച ശേഷം  പ്രതി ബലാത്സംഗം ചെയ്തിരുന്നു. ശിക്ഷ വിധിക്കുമ്പോള്‍ പ്രതിയുടെ പ്രായവും പ്രായമായ അച്ഛനമ്മമാരുടെ മകൻ എന്ന പരിഗണനയും വേണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റ വാദം. കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതായി തെളിഞ്ഞുവെന്നാണ് പാലാ സെഷൻസ് കോടതി ഇന്നലെ വ്യക്തമാക്കിയത്, എന്നാൽ മോഷണക്കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. 

2015 സെപ്റ്റബർ 16 അർദ്ധരാത്രിയാണ് കന്യാസ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. പ്രതി സതീഷ്ബാബു നിലവില്‍ ഭരണങ്ങാനത്തെ മഠത്തിൽ മോഷണം നടത്തിയതിന് 6 വർഷം തടവ് അനുഭവിക്കുകയാണ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 2,10,000 രൂപയും പ്രതി പിഴയടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ ആറു വർഷവും ഒൻപതു മാസവും അധികമായി ശിക്ഷ അനുഭവിക്കണം. വിചാരണ കാലയളവിൽ തടവിൽ കഴിഞ്ഞ 1182 ദിവസത്തെ ശിക്ഷ കോടതി ഇളവുചെയ്തിട്ടുണ്ട്. 

click me!