നഴ്സ് ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്ത; അന്വേഷണം ആരംഭിച്ചുവെന്ന് ഡിജിപി

By Web DeskFirst Published Jun 11, 2016, 7:51 AM IST
Highlights

കൊച്ചി: കൊച്ചി അമൃത ആശുപത്രിയിലെ നഴ്‌സ് ബലാത്സംഗത്തിന് ഇരയായെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എന്നാല്‍ ഇതുവരെ ഇത്തരമൊരു സംഭവം നടന്നതായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഡിജിപി അറിയിച്ചു. അതേസമയം, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന്  ആരോപിച്ച്  അമൃത ആശുപത്രി അധികതര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രശ്നം ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് ആശുപത്രി നഴ്‌സിംഗ് ഡയറക്ടര്‍ എം എസ് ബാല അറിയിച്ചു.

കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങവെ യുവതിയായ നഴ്‌സ് തൊട്ടടുത്തുളള റെയില്‍വെ ട്രാക്കില്‍ ക്രൂരമായി ബലാത്സംഗത്തിന് ഇരയായെന്നും സംഭവം പുറത്തുവരാതിരിക്കാന്‍ അവരെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നുമാണ് ഓണ്‍ലൈന്‍ മാധ്യങ്ങളില്‍ വാര്‍ത്ത വന്നത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍  സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആര്‍എംപി നേതാവ് കെ കെ രമ, വനിതാപ്രവര്‍ത്തക പി ഗീത, നഴ്‌സുമാരുടെ സംഘടനാ ഭാരവാഹി ജാസ്മിന്‍ ഷാ തുടങ്ങിയവര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അമൃത ആശുപത്രിയിലും പരിസരത്തുമായി അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് സ്ഥിരീകിരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.യുവതിയുടെ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ലോക്കല്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

ആശുപത്രിയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും സൂചനകളില്‍ നിന്ന് അമൃത ആശുപത്രിയാണെന്ന് സംശയം ഉണ്ടാക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നതെന്നാണ് അമൃത ആശുപത്രി അധികൃതര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് സ്ഥാപനത്തിന്റെ യശസ്സ് കളങ്കപ്പെടുത്താന്‍ ഉദ്ദേശിച്ചുളളതാണെന്നും ആശുപത്രി അധികൃതര്‍ പരാതിയില്‍ പറയുന്നു. ഇത്തരം കുപ്രാചരണങ്ങള്‍ക്കെതിരെ വിശദമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

click me!