ഓഫീസറില്ല; കണിയാമ്പറ്റ വില്ലേജ് ഓഫീസിലെത്തുന്നവര്‍ നിരാശരായി മടങ്ങുന്നു

By Web TeamFirst Published Nov 29, 2018, 9:36 PM IST
Highlights

പ്രായമായവരും രോഗികളും അടക്കം നിരവധി പേരാണ് ദിവസവും ഓഫീസ് വരെ എത്തി മടങ്ങുന്നത്. എന്നാല്‍ പ്രായമായവരില്‍ പലരും തങ്ങളുടെ ഊഴം എത്തുമ്പോള്‍ മാത്രമാണ് വില്ലേജ് ഓഫീസറില്ലെന്നുള്ളത് അറിയുന്നത്. മണിക്കൂറുകള്‍ കാത്തിരുന്നു നിരാശയോടെ മടങ്ങിയതെന്ന് വരദൂര്‍ സ്വദേശിയായ തോപ്പില്‍ അമ്മു പറഞ്ഞു. 

കല്‍പ്പറ്റ: വയനാട്ടിലെ കണിയാമ്പറ്റ വില്ലേജില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വരുന്നു. വില്ലേജ് ഓഫീസര്‍ ദീര്‍ഘകാല അവധിയെടുത്തതോടെയാണ് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വന്ന് വെറും കയ്യോടെ നാട്ടുകാര്‍ക്ക് മടങ്ങേണ്ടി വരുന്നത്. വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്‍റും ദിവസങ്ങളായി ഓഫീസിലെത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതോടെ ഇവിടെ നിന്നുള്ള സേവനങ്ങള്‍ക്ക് കാലതാമസം നേരിടുകയാണ്.

പ്രായമായവരും രോഗികളും അടക്കം നിരവധി പേരാണ് ദിവസവും ഓഫീസ് വരെ എത്തി മടങ്ങുന്നത്. എന്നാല്‍ പ്രായമായവരില്‍ പലരും തങ്ങളുടെ ഊഴം എത്തുമ്പോള്‍ മാത്രമാണ് വില്ലേജ് ഓഫീസറില്ലെന്നുള്ളത് അറിയുന്നത്. മണിക്കൂറുകള്‍ കാത്തിരുന്നു നിരാശയോടെ മടങ്ങിയതെന്ന് വരദൂര്‍ സ്വദേശിയായ തോപ്പില്‍ അമ്മു പറഞ്ഞു. 

വില്ലേജ് ഓഫീസര്‍ ഡിസംബര്‍ നാലുവരെ അവധിയിലാണ്. ഇതോടെ ഓഫീസ് പ്രവര്‍ത്തനം  താളം തെറ്റിയ നിലയിലാണ്. സാധാരണയായി ഓഫീസര്‍ ദീര്‍ഘകാല അവധിയില്‍ പോകുമ്പോള്‍ സമീപ വില്ലേജ് ഓഫീസര്‍ക്ക് അധിക ചുമതല നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അത്തരം സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. സംഭവം വിവാദമായതോടെ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 
 
click me!