ദേശീയ ദിനത്തില്‍ വര്‍ണാഭമായ ചടങ്ങൊരുക്കി ഒമാന്‍ ഗിന്നസ് ബുക്കിലേക്ക്

By Web DeskFirst Published Nov 22, 2016, 9:16 PM IST
Highlights

സമാധാനത്തിന്റെയും ഫലപുഷ്‌ടിയുടെയും  നിറങ്ങളായ വെള്ളയും പച്ചയും  വിദേശ ആക്രമങ്ങളെ ഓര്‍മിപ്പിച്ചു നില്‍ക്കുന്ന ചുവപ്പ്  നിറവും  ഉള്‍കൊണ്ട 2016 മെഴുകുതിരികള്‍  കത്തിച്ചു കൊണ്ടായിരുന്നു മസ്‌കറ്റിലെ ഖുറം ആംഫി തീയേറ്ററില്‍ ചടങ്ങുകള്‍ അരങ്ങേറിയത്. മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഒമാന്‍ ദേശിയ പതാക തെളിഞ്ഞു വന്ന,  വര്‍ണാഭമായ ദൃശ്യത്തിനു ആയിരക്കണക്കിന് ആളുകള്‍ സാക്ഷികളായി. ഈ  വര്‍ഷത്തെ ദേശിയ ദിനമായതിനാലാണ് 2016 മെഴുകുതിരികള്‍ ചേര്‍ത്തു ഈ ചടങ്ങു സംഘടിപ്പിച്ചത്. 

ഈ ചരിത്ര നിമിഷത്തിനു പങ്കാളികളാകുവാന്‍ ഒമാന്‍ രാജകുടുംബാങ്ങങ്ങള്‍, മന്ത്രിമാര്‍, ഉയര്‍ന്ന  സര്‍ക്കാര്‍  ഉദ്യോഗസ്ഥര്‍ തുടങ്ങി  നിരവധി പേര്‍ എത്തിയിരുന്നു. 
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാന്‍  ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ രക്തദാന വിഭാഗമാണ് പദ്ധതി ഒരുക്കിയത്. വിവിധ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപ്രകടങ്ങളും ചടങ്ങിന് കൂടുതല്‍ പകിട്ടേകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി   ആഘോഷങ്ങള്‍ പുരോഗമിച്ചു വരികയാണ്. നാളെ മുതല്‍ രണ്ടു ദിവസം ഒമാനില്‍ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

click me!