
റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹമായി കടന്നുകൂടിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ഈ മാസം 20 നകം റേഷന്‍ കാര്‍ഡുകള്‍ പരിശോധനയ്‌ക്ക് ഹാജരാക്കാത്ത ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ ഉത്തരവിട്ടു.
ഭക്ഷ്യഭദ്രതാ നിയമപ്രകാരം സംസ്ഥാനത്ത് സൗജന്യറേഷന് അര്‍ഹതയുള്ളത് 1,54,80,040 പേര്‍. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മുന്‍ഗണനാപട്ടികയ്‌ക്കെതിരെ അഞ്ചര ലക്ഷം പരാതികളാണ് പൊതുവിതരണവകുപ്പിന് ലഭിച്ചത്. സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഒഴിവാക്കിയാല്‍ തന്നെ മുന്‍ഗണനാപട്ടികയില്‍ നിന്ന് അനര്‍ഹരെ ഒരുപരിധി വരെ ഒഴിവാക്കാമെന്ന കണക്കൂട്ടലിലാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ റേഷന്‍ കാര്‍ഡുകള്‍ ഈ മാസം 20 നകം ശമ്പളം നല്‍കുന്ന ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്‌സിംഗ് ഓഫീസര്‍ക്ക് മുമ്പാകെ പരിശോധനയ്‌ക്കായി നല്‍കണം. മതിയായ കാരണങ്ങളില്ലാതെ റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കാത്ത ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ലഭിക്കുന്ന പട്ടിക ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പരിശോധിക്കും. സംസ്ഥാനത്തെ പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ബാങ്ക് - ട്രഷറി ഉദ്യോഗസ്ഥര്‍ പരിശോധിച്ച് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് ഹാജരാക്കാത്ത ജീവനക്കാരുടെ ശമ്പളം തടയുമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ പന്ത്രണ്ടായിരത്തോളം കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവില്‍ ശമ്പളം തടയുമെന്ന് പറയുന്നില്ല. സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഈ മാസം 20 വരെ കാഡുകള്‍ തിരികെ നല്‍കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam