
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതക്കേസിൽ കൊലയാളി സംഘത്തിലെ ഒരാൾ പിടിയിൽ. ആലുവ സ്വദേശിയായ കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗമായ ആദിലാണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പൊലീസ് പിടികൂടുന്നത് ഇതാദ്യമായിട്ടാണ്.
അഭിമന്യുവിന്‍റെ കൊലപാതകം നടന്ന് രണ്ടാഴ്ചക്കുശേഷമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാൾ പൊലീസ് പിടിയിലാകുന്നത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നുപേരെ നേരത്തെ അറസ്റ്റുചെയ്തെങ്കിലും എസ് എഫ്ഐ വിദ്യാർഥികളാണ് അവരെ പിടിച്ചു പൊലീസിന് നൽകിയത്. കൊലപാതകത്തിന്‍റെ ഗൂഡാലോചനയിലടക്കം പങ്കുളളയാളാണ് ഇപ്പോൾ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സംഭവത്തിനുപിന്നാലെ ഒളിവിൽ പോയ പ്രതിയെ ജില്ലയ്ക്ക് വെളിയിൽനിന്നാണ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
എന്നാൽ കൊലയാളിയേയോ മുഖ്യ ആസൂത്രകനായ മഹാജാരാജാസ് കോളജ് വിദ്യാർഥി മുഹമ്മദിനെയോ പിടികൂടാൻ പൊലീസിനെ ഇതുവരെ കഴിഞ്ഞിട്ടില്ല. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 11 പേർ കൂടി ഇനി അറസ്റ്റിലാകാനുണ്ട്. ഇതിനിടെ പൊലീസിനെ ന്യായീകരിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തി. അന്വേഷണത്തിൽ തങ്ങൾക്ക് പരാതിയില്ലെന്നും പ്രധാന പ്രതികളെ പിടിക്കാത്തതിൽ സിപിഎമ്മിൽ അംസംതൃപ്തിയില്ലെന്നുമാണ് നിലപാട്.
ഇപ്പോഴത്തെ നിലയിൽ അന്വേഷണത്തെ വിമർശിക്കരുതെന്നാണ് പാർട്ടി മേൽ ഘടകത്തിൽ നിന്ന് ജില്ലയിലെ നേതാക്കൾക്ക് ലഭിച്ചിരിക്കുന്ന നിർദേശം. തളളിപ്പറഞ്ഞാൽ അത് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും പൊതുവിൽ പാർട്ടിക്കുതന്നെയും നാണക്കേടാകും. പ്രതികളെ പൊലീസ് പിടിക്കട്ടേയെന്നും തങ്ങൾ അഭിമന്യുവിന്‍റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുളള യാത്രയിലെന്നുമാണ് നേതാക്കളുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam