
തലശേരി: വിവാഹമെന്ന സ്വപ്നത്തിലേക്കും സന്തോഷത്തിലേക്കും കടക്കുമ്പോള്‍ നാട് കണ്ണീര്‍ വാര്‍ക്കുന്നത് കാണാതിരിക്കാന്‍ അവര്‍ക്കാവില്ലായിരുന്നു. വിവാഹ വേദിയില്‍ രണ്ടു കുടുംബങ്ങള്‍ ഒന്നിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് ഒരു ലക്ഷം രൂപ. സംസ്ഥാനം ഇത് വരെ കാണാത്ത പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുമ്പോള്‍ കെെത്താങ്ങായി കേരളം ഒന്നിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറെ പേരാണ് സഹായവുമായി എത്തുന്നത്. അതില്‍ ഏറെ തിളക്കമുള്ള സഹായങ്ങളിലൊന്നാണ് കണ്ണൂരിലെ തലശേരിയിലെ മാളിയേക്കല്‍-ഒലിയത്ത് കുടുംബങ്ങള്‍ സമാഹരിച്ച ഒരു ലക്ഷം രൂപ. ഒലിയത്ത് സെയ്ഫിന്‍റെയും ഷൈമ മാളിയേക്കലിന്‍റെയും മകള്‍ റിമ സെയ്ഫും മാളിയേക്കല്‍ ഷഫീഖിന്‍റെയും സൈദാര്‍പള്ളിക്കടുത്ത് ചെറിയിടിയില്‍ ഹസീനയുടെയും മകന്‍ ഷാഹിന്‍ ഷഫീഖിന്‍റെയും വിവാഹ വേദിയിലാണ് സഹായധനം കെെമാറിയത്.
തലശേരി എംഎല്‍എയായ എ.എന്‍. ഷംസീറിന്‍റെ ബന്ധുക്കളാണ് ഓലിയത്ത് കുടുംബം. വിവാഹം വേദിയില്‍ എത്തണമെന്നും ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും അവര്‍ അറിയിക്കുകയായിരുന്നുവെന്ന് ഷംസീര്‍ എംഎല്‍എ പറഞ്ഞു. തുടര്‍ന്ന് ആ രണ്ട് കുടുംബങ്ങള്‍ ചേര്‍ന്ന് സമാഹരിച്ച തുക തന്നെ ഏല്‍പ്പിച്ചെന്നും ഷംസീര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam