കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്: ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍

By Web TeamFirst Published Feb 1, 2019, 7:14 PM IST
Highlights

ഒളിവിലായിരുന്ന പ്രതി പി പി യൂസുഫിനെയാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് എൻഐഎ പിടികൂടിയത്. ഇയാളെ നാളെ കൊച്ചിയിൽ എത്തിക്കും.

കോഴിക്കോട്: കോഴിക്കോട് സ്ഫോടനക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന പ്രതി പി പി യൂസുഫിനെയാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് എൻഐഎ പിടികൂടിയത്. ഇയാളെ നാളെ കൊച്ചിയിൽ എത്തിക്കും. സംഭവം നടന്ന് 13 വർഷങ്ങള്‍ക്കുശേഷമാണ് യൂസുഫ് പിടിയിലാകുന്നത്.
 
2006 ൽ കോഴിക്കോട് ബസ്സ് സ്റ്റാൻറിൽ നടന്ന ഇരട്ട സ്ഫോടന കേസിലെ രണ്ടാം പ്രതി അസ്ഹറിനെ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചിരുന്നു. കഴിഞ്ഞ 12 വർഷമായി സൗദി അറേബ്യയിൽ ഒളിവിൽ കഴിയുകയായിരുന്നു കണ്ണൂർ സ്വദേശിയായ മുഹമ്മദ് അസ്ഹർ. 

മാറാട് കലാപകേസിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് 2006 മാർച്ചില്‍ കോഴിക്കോട്ടെ രണ്ട് ബസ് സ്റ്റാൻഡുകളിൽ പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയത്. ആദ്യം ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. കശ്മീർ റിക്രൂട്ടമെന്‍റ് കേസില്‍ പിടിയിലായ തടിയന്‍റവിട നസീറാണ് കേസിലെ ഒന്നാം പ്രതി. 

2011-ല്‍ വിചാരണ പൂർത്തിയായ കേസില്‍ ഒന്നാം പ്രതിയെ തടിയന്‍റവിട നസീറിനെയും നാലാം പ്രതി സഫാസിനെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരോടൊപ്പം ചേർന്ന് കണ്ണൂർ തെക്കിനിയിലെ അസ്ഹറിന്‍റെ വീട്ടില്‍ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.

click me!