Latest Videos

മുനമ്പം മനുഷ്യക്കടത്ത്: ഒരാള്‍ കൂടി കസ്റ്റഡിയിൽ

By Web TeamFirst Published Jan 21, 2019, 5:50 PM IST
Highlights

മുനമ്പം മനുഷ്യക്കടത്ത് കേസിൽ ഒരാള്‍ കൂടി കസ്റ്റഡിയില്‍. തമിഴ് വംശജനായ രവി സനൂപ് രാജയെയാണ് പിടികൂടിയത്.  ദില്ലിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. 

ദില്ലി: മുനമ്പത്തെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ദില്ലിയില്‍ നിന്ന് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. അംബേദകർ നഗർ  കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെയാണ് പിടികൂടിയത്. മുനമ്പത്ത് നിന്ന് യാത്ര തിരിക്കാന് കഴിയാതെ തിരിച്ചെത്തിയതായിരുന്നു ഇയാള്‍.

രവിയുടെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ യാത്രാസംഘത്തിലുണ്ട്. ഇവര്‍ ന്യൂസിലന്‍റിലേക്കാണ് പോയതെന്നാണ് രവി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇന്ന് രാത്രിയോടെ രവിയെ നെടുമ്പാശ്ശേരിയിൽ എത്തിക്കും. നേരത്തെ രണ്ട് പേരെ ദില്ലിയില്‍ നിന്ന് കസ്റ്റഢിയിലെടുത്തിരുന്നു.

ഇതിനിടെ  മുനമ്പത്ത് നിന്ന് ആളുകളുമായി പോയ ദയാ മാത ബോട്ടിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുഖ്യപ്രതി ശെൽവൻ ബോട്ടിൽ നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നാല്പതോളം പേര്‍ക്ക് കഷ്ടിച്ച് സഞ്ചരിക്കാവുന്ന ബോട്ടില്‍ നൂറിലധികം ആളുകളെ അടിത്തട്ടിലടക്കം നിറച്ചാണ് ദയാമാതാ ബോട്ട് മുനമ്പത്ത് നിന്ന് പോയത്. 

അതേസമയം ദില്ലിയിൽ നിന്നും നേരത്തെ കസ്റ്റഡിയിലെടുത്ത പ്രഭുവിനെയും മറ്റ് പലരേയും ചോദ്യം ചെയ്തെങ്കിലും എവിടെക്കാണ് ഇവർ പോയത് എന്ന കാര്യങ്ങളിൽ വ്യക്തമായ നിഗമനത്തിലെത്താൻ പൊലീസിന് കഴിഞ്ഞില്ല. നൂറിലധികം പേർ തീരം വിട്ടു എന്നായിരുന്നു പൊലീസിന്‍റെ നിഗമനം. എന്നാൽ ഇത്രയധികം പേർക്ക് ദയമാതാ ബോട്ടിൽ കയറാൻ പറ്റില്ലെന്നാണ് ബോട്ടിന്‍റെ മുൻ ഉടമ ജിബിൻ പറയുന്നത്. 

ബോട്ടിൽ കയറാനെത്തിയ 200 ഓളം പേരിൽ 100 പേ‌ർ മാത്രമെ തീരം വിട്ടിട്ടുള്ളുവെന്നാണ് ഇപ്പോഴത്തെ നിഗമനം. ബാക്കി ഉള്ളവർ എവിടെ പോയി എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർഥി ക്യാമ്പുകളിൽ പരിശോധന നടത്തിയത്. എന്നാൽ ഈ ക്യാമ്പുകളിലെ പലരും ഒരു മാസമായി അവിടെ ഇല്ല എന്ന് വ്യക്തമായിട്ടുണ്ട്. ഇവർ എവിടെ പോയി എന്ന് സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. ബോട്ടിൽ തിരക്കായിരുന്നതിനാലാണ് അന്ന് പലർക്കും പോകാൻ കഴിയാതിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനിടെ മുഖ്യ ഇടനിലക്കാരൻ ശ്രീകാന്തൻ രാജ്യം വിട്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. ഇയാളുടെ കുടുംബത്തെയും കാണാനില്ല.

click me!