
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് രാത്രിയില്‍ പ്രശ്നമുണ്ടാക്കിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്പെന്‍റ് ചെയ്തത്.
പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിക്കായി റിലീവ് ചെയ്ത് ഇയാള്‍ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തില്ല. ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ പ്രശ്നമുണ്ടാക്കിയതായും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുകയുമായിരുന്നു.
14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ സസ്പെന്‍റ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു ഉത്തരവിറക്കിയത്. ശബരിമല സന്നിധാനത്ത് നിരോധാനാജ്ഞ ലംഘിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ആർഎസ്എസ് നേതാവ് ആര്‍ രാജേഷിനെയും നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു. ആരോഗ്യവകുപ്പാണ് രാജേഷിനെ സസ്‌പെന്‍റ് ചെയ്തത്.
Also Read: അറസ്റ്റിലായവരില്‍ മുന്‍പ് സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയ ആര്‍എസ്എസ് നേതാവും സംഘവുമെന്ന് പൊലീസ്
മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയിലെ ഫാർമസിസ്റ്റായിരുന്നു ആര് രാജേഷ്. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രാജേഷ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയായ രാജേഷാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വലിയ നടപ്പന്തലില്‍ ഉണ്ടായ അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്.
Also Read: ശബരിമലയിലെ കൂട്ട അറസ്റ്റ്: 69 പേരെ റിമാന്‍ഡ് ചെയ്തു
ചിത്തിര ആട്ട വിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാ ദേവിയെ സന്നിധാനത്ത് തടഞ്ഞ സംഭവത്തിലും രാജേഷ് നേതൃത്വം നല്‍കിയിരുന്നു. ശബരിമലയിൽ നിന്നും അറസ്റ്റ് ചെയ്ത 69 പേരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍റ് ചെയ്തത്. പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി. നാളെയാണ് ഇവരുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam