Asianet News MalayalamAsianet News Malayalam

ശബരിമലയിലെ കൂട്ട അറസ്റ്റ്: 69 പേരെ റിമാന്‍ഡ് ചെയ്തു

ശബരമലയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. 

sabarimala protesters on remand
Author
Pathanamthitta, First Published Nov 19, 2018, 4:46 PM IST

പത്തനംതിട്ട: ശബരിമലയിൽ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത 69 പേരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ് ചെയ്തത്. പത്തനംതിട്ട മുൻസിഫ് കോടതിയുടേതാണ് നടപടി.  റിമാന്‍ഡിലായവരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. 

മണിയാറിലെ കെഎപി ക്യാംപിൽ നിന്നും വൈകീട്ട് 3 മണിയോടെയാണ് അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയത്. നടപ്പന്തലിൽ ശരണംവിളിക്കുക മാത്രമാണ് ചെയ്തതെന്ന് ഇവർ കോടതിയിൽ വാദിച്ചു. നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നെന്നും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമുളള പൊലീസ് വാദം അംഗീകരിച്ച് കോടതി പ്രതിഷേധക്കാർക്ക് ജാമ്യം നിഷേധിച്ചു. 21ന് ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അറസ്റ്റിലായ 70 പേരിൽ 18 വയസിൽ താഴെയുള്ള ഒരാളെ ക്യാംപിൽ എത്തിച്ച ശേഷം ഒഴിവാക്കിയിരുന്നു. ആർഎസ്എസ് എറണാകുളം ജില്ലാ ഭാരവാഹിയായ ആർ രാജേഷായിരുന്നു സന്നിധാനത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

അറസ്റ്റിലായവരെ എത്തിച്ചതിന് പിന്നാലെ മണിയാർ ക്യാംപിന് പുറത്ത് തുടങ്ങിയ നാമജപ യജ്ഞം ഇവരെ കോടതിയിൽ ഹാജരാക്കുന്നത് വരെ നീണ്ടു. പത്തനംതിട്ട മുൻസിഫ് കോടതിക്ക് പുറത്തും നാമജപ പ്രതിഷേധം അരങ്ങേറി. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അടക്കമുളള നേതാക്കൾ അറസ്റ്റിലായവരെ കാണാൻ കോടതിയിലെത്തി. സന്നിധാനത്തെ അറസ്റ്റിന് പിന്നാലെ ആദ്യം നാമജപയജ്ഞം തുടങ്ങിയത് ക്ലിഫ് ഹൗസിന് മുന്നിൽ പുലർച്ച ഒരുമണിക്കാണ്. പോലീസിനെതിരായ പ്രതിഷേധം എന്ന നിലക്ക് വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലേക്ക് പെട്ടെന്ന് സമരം വ്യാപിച്ചു. ആറന്മുള പൊലീസ് സ്റ്റേഷനു മുന്നിലെ സമരം നയിച്ചത് ബിജെപി ജനറൽ സെക്രട്ടരി ശോഭാ സുരേന്ദ്രൻ.

പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, തൊടുപുഴ ശൂരനാട് കണ്ണൂർ ടൗൺ, തലശ്ശേരി, എറണാകുളം കാലടി തുടങ്ങിയ സ്റ്റേഷനുകൾക്ക് മുന്നിലും പ്രതിഷേധമുണ്ടായി. അങ്ങാടിപ്പുറത്ത് ശബരിമല കർമസമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചു. കൊട്ടാരക്കരയിലും കുറ്റിപ്പുറത്തും താമരശ്ശേരിയിലും കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട് മുഖ്യമന്ത്രിയെ രാവിലെ യുവമോർച്ചാ പ്രവർത്തകർ തടയാൻ ശ്രമിച്ചു. കോഴിക്കോട് കേരള പത്രപ്രവർത്തക യൂണിയൻ സമ്മേളനം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം.

അർദ്ധരാത്രി വിലക്ക് ലംഘിച്ച് ശബരിമലയിൽ പ്രതിഷേധിച്ച 70 പേരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തു. പിടിയിലായവരിൽ നേരത്തെ പൊലീസ് ലിസ്റ്റിൽ ഉൾപ്പെട്ട 15 പേരുമുണ്ട്. 

ഇന്നലെ രാത്രി പത്തരയോടെയാണ് സന്നിധാനത്ത് നാടകീയ സംഭവങ്ങൾക്ക് തുടക്കമായത്. വിരി വയ്ക്കുന്നതിനുളള നിയന്ത്രണത്തിനെതിരെ ഇരുന്നൂറിലേറെപ്പേർ വലിയ നടപ്പന്തലിലേക്ക് ശരണം വിളിച്ച് നീങ്ങി. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധം. നട അടയ്ക്കുന്നതോടെ പിരിഞ്ഞ് പോകാമെന്ന് പൊലീസുമായുളള ചർച്ചയിൽ സമരക്കാർ ഉറപ്പ് നൽകി. പക്ഷേ നട അടച്ചതോടെ രംഗം മാറി.

പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കുകയും ചെയ്തു. നേതാക്കളെ മാത്രം അറസ്റ്റ് ചെയ്യാനാകില്ലെന്ന് പ്രതിഷേധക്കാരും നിലപാടെടുത്തതോടെ രംഗം വഷളായി. പ്രതിഷേധക്കാർ മാളികപ്പുറം ക്ഷേത്രത്തിന് അടുത്തേക്ക് നീങ്ങിയപ്പോഴായിരുന്നു കൂട്ട അറസ്റ്റ്. എതിർത്തവരെ പൊലീസ് ബലംപ്രയോഗിച്ച് കീഴടക്കി. പ്രതിഷേധത്തിനിടയിൽ ഒരാൾക്ക് പരിക്കേറ്റു. സന്നിധാനത്ത് നിന്ന് പമ്പയിലെത്തിച്ച പ്രതിഷേധക്കാരെ വാഹനങ്ങളിൽ കയറ്റി. എങ്ങോട്ട് കൊണ്ടു പോകണമെന്ന കാര്യത്തിൽ പൊലീസ് തീരുമാനം പിന്നെയും വൈകി. ഒരു മണിക്കൂറിലേറെ വാഹനങ്ങൾ ചാലക്കയത്ത് നിർത്തിയ ശേഷം മണിയാർ കെ എപി അ‍ഞ്ചാം ബറ്റാലിയൻ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. എന്നാല് പൊലീസ് ക്യാമ്പിന് മുന്നിലും പ്രതിഷേധം തുടർന്നു.

നിരോധനാജ്ഞ ലംഘിച്ചതിനും, പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തത്. എറണാകുളത്ത് ആർഎസ്എസ് സംഘടനാ ചുമതലയുള്ള ആർ രാജേഷ് ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. ചിത്തിര ആട്ട വിശേഷ സമയത്തും ഇയാൾ സന്നിധാനത്ത് സജീവമായിരുന്നു.

 

Follow Us:
Download App:
  • android
  • ios