കെവിൻ കൊലക്കേസ്: ഒരാൾ കോടതിയിൽ കീഴടങ്ങി

By Web DeskFirst Published May 30, 2018, 5:50 PM IST
Highlights
  • കെവിൻ കൊലക്കേസില്‍ ഒരാൾ കോടതിയിൽ കീഴടങ്ങി

പീരുമേട്: കെവിൻ വധക്കേസിലെ  പ്രതി ടിറ്റോ ജെറോം ഇടുക്കി പീരുമേട് കോടതിയിൽ മൂന്നരയോടെ കീഴടങ്ങി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ഉപയോഗിച്ചതും പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഐ 20യുടെ ഉടമയാണ് കീഴടങ്ങിയ ടിറ്റോ. വക്കീൽ മുഖാന്തിരമാണ് കീഴടങ്ങിയത്. 

നേരത്തെ കേസില്‍ പ്രതികളായ മൂന്ന് പേർ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായി. പുനലൂർ സ്വദേശികളായ നിഷാദ്, ഷെഫിൻ എന്നിവരെയാണ് ഇന്ന് പിടികൂടിയത്. ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വൈകിട്ട് നാല് മണിയോടെ കീഴടങ്ങാനെത്തിയതായിരുന്നു ഇവർ. 

മഫ്തിയിൽ നിൽക്കുകയായിരുന്ന ഏറ്റുമാനൂർ സി.ഐ. എ.ജെ. തോമസും സംഘവും കോടതി വരാന്തയിൽ നിന്ന് നിഷാദിനെയും ഷെഫിനെയും പിടികൂടുകയായിരുന്നു. ഇവരെ കോട്ടയം എസ്.പി. ഹരിശങ്കറിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. 

ഇന്നലെ കണ്ണൂരിൽ കീഴടങ്ങിയ ഷാനുവിനേയും അച്ഛൻ ചാക്കോ യേയും ഐ.ജി. വിജയ് സാഖറേയുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്തു. കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നെന്നും കെ വി നെ കൈവശം വെച്ച് നീനുവിനെ വിളിച്ചുവരുത്തുകയുമായിരുന്നു ലക്ഷ്യമെന്നാണ് ഇവർ നൽകിയ മൊഴി. ഒപ്പം തട്ടിക്കൊണ്ടുപോയ അനീഷിന് ഛർദ്ദിക്കാനായി തെന്മലയിൽ വാഹനം നിർത്തിയപ്പോൾ കെവിൻ ഇറങ്ങി ഓടിയെന്നും, പിന്നാലെ എത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ വാദം അനീഷ് തള്ളുന്നു. മർദ്ദനമേറ്റ് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്ന കെവിൻ എങ്ങനെ ഓടി രക്ഷപ്പെടുമെന്നാണ് അനീഷ് ചോദിക്കുന്നത്.

കെവിനെ തട്ടിക്കൊണ്ടുപോയ ഐ 20, വാഗൺ ആർ കാറുകൾ ഇന്ന് പുനലൂരിൽ നിന്ന് കണ്ടെടുത്തു. ഇന്നോവ കാർ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ ഇഷാൻ, നിയാസ്, റിയാസ് എന്നിവരെ ഏറ്റുമാനൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

click me!