
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പടുത്ത അസമിൽ രാജിനാടകം. മുൻ സംസ്ഥാന അധ്യക്ഷൻ ഭുപെൻ ബോറ രാജിവച്ച് മണിക്കൂറുകൾക്കകം പാർട്ടിയിൽ തിരിച്ചെത്തി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ബോറയെ ബിജെപിയിലേക്ക് ക്ഷണിച്ചതിന് പിന്നാലെ നേതാക്കൾ കൂടികാഴ്ച നടത്തിയാണ് പിടിച്ചു നിർത്തിയത്.
തിരിച്ചു വരാന്‍ വലിയ പരിശ്രമം നടത്തുന്ന അസമിൽ അഞ്ച് വർഷം പിസിസി അധ്യക്ഷനും രണ്ട് തവണ എംഎൽഎയുമായ ഭുപെൻ ബോറയുടെ നാടകം കോണ്‍ഗ്രസിനെ വെള്ളം കുടിപ്പിച്ചു. ഗൗരവ് ഗോഗോയ്ക്ക് പിസിസി അധ്യക്ഷ സ്ഥാനം നല്‍കിയതിൽ അതൃപ്തനായ ബോറ 32 വർഷം പാർട്ടിക്കുവേണ്ടി ജീവിച്ച തന്നെ നേതൃത്വം അവഗണിച്ചെന്ന് കാട്ടിയാണ് മല്ലികാർജുൻ ഖർഗെയ്ക്ക് രാജിക്കത്ത് നല്‍കിയത്. തൊട്ടുപിന്നാലെ ഭുപെൻ ബോറയ്ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തന്നെ ബിജെപിയില്‍ വിജയം ഉറപ്പുള്ള സീറ്റ് വാഗ്ദാനം ചെയ്തു. അസം കോൺഗ്രസിലെ അവസാന ഹിന്ദുവും പാർട്ടി വിടുകയാണെന്ന് ആരോപിച്ച് പതിവു ശൈലിയിൽ ഹിമന്ത വിഷയം ആ വഴിക്ക് തിരിക്കാനും തുടങ്ങി.
പിന്നാലെ ഹൈക്കമാൻഡ് ഇടപെട്ടു. അസം പിസിസി അധ്യക്ഷൻ ഗൗരവ് ഗോഗോയിയും അസമിന്റെ ചുമതലയുള്ള എഐസിസി നേതാവ് ജിതേന്ദ്ര സിംഗും ബോറയുടെ വീട്ടിലെത്തി ചർച്ച നടത്തി. രാഹുൽ ഗാന്ധി ബോറയോട് ഫോണിൽ സംസാരിച്ചു. രാജി സ്വീകരിക്കില്ലെന്ന് പറഞ്ഞു. ഭുപെൻ ബോറയെപോലുള്ള മുതിർന്ന നേതാവിനെ വേദനിപ്പിച്ചെങ്കിൽ പരസ്യമായി മാപ്പ് പറയുകയാണെന്ന് ഗൗരവ് ഗോഗോയി പറഞ്ഞു.
ഇതോടെയാണ് ബോറ വഴങ്ങിയത്. ബോറ ആവശ്യപ്പെടുന്ന സീറ്റ് നൽകുമെന്നാണ് വിവരം. കുടുംബമായി ചർച്ച നടത്തി നാളെ തന്റെ നിലപാട് പ്രഖ്യാപിക്കുമെന്നാണ് ഭുപെൻ ബോറ പറഞ്ഞത്. തൽകാലം ബോറയെ പിടിച്ചു നിർത്തിയെങ്കിലും തുടര്‍ നാടകങ്ങള്‍ ഇനിയും നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam