സരിതയുടെ കത്ത് തിരുത്തിയതിന് പിന്നില്‍ ഗണേഷിന് തന്നോടുള്ള വൈരാഗ്യം: ഉമ്മന്‍ചാണ്ടി

By Web TeamFirst Published Aug 3, 2018, 12:47 PM IST
Highlights

സരിതയുടെ കത്ത് 21 ൽ നിന്ന് 24 പേജ് ആയതിന് പിന്നിൽ കെബി ഗണേഷ്കുമാറാണ്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മൻചാണ്ടി

കൊല്ലം: സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാക്കിയ സരിത നായരുടെ കത്തില്‍ മൂന്ന് പേജ് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തുവെന്നും ഇത് തന്നോടുള്ള വൈരാഗ്യം കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ കൊട്ടാരക്കര കോടതിയിലാണ് ഗണേഷിനെതിരെ ഉമ്മന്‍ചാണ്ടി മൊഴി നല്‍കിയത്. 

യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന്  പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാൻ സാധിക്കാത്തതിൻറെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നു. ഈ വൈരാഗ്യത്തിന്‍റെ പേരില്‍ സരിതയുടെ 21 പേജുള്ള കത്തില്‍ മൂന്ന് പേജ് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ കേസില്‍ വ്യാജരേഖകള്‍ ചമച്ച് കമ്മീഷൻ മുൻപാകെ ഹാജരാക്കിയ കേസില്‍ സാക്ഷിയായാണ് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായത്. സരിതയുടെ കത്ത് 21 പേജില്‍ നിന്ന് 24 ആയത് വ്യാജ രേഖ ചമച്ചാണെന്നാരോപിച്ച് അഭിഭാഷകനായ സുധീര്‍ ജേക്കബാണ് പരാതി നല്‍കിയത്. 

ഉമ്മൻചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായാണ് ചിലര്‍ ഗൂഡാലോചന നടത്തി നാല് പേജുകള്‍ കൂടി എഴുതി ചേര്‍ത്ത് കത്ത് സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കിയതെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിശ്വനാഥക്കുറുപ്പ് എന്നിവരുടെ മൊഴികള്‍ കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

 

click me!