
തിരുവനന്തപുരം: 2016ലെ തെരഞ്ഞെടുപ്പ് കാലത്ത് വന്‍തുകയുമായി എത്തിയ അദാനിയുടെ ആള്‍ക്കാരെ മുന്‍മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരിച്ചയച്ചെന്ന് അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി ചാക്കോ. കോണ്‍ഗ്രസിൽ ആരും അദാനിയിൽ നിന്ന് പണം വാങ്ങില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ചാക്കോ എഴുതിയ വിസ്മയ തീരത്ത് എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും.
2016 ലെ തെരഞ്ഞെടുപ്പ് കാലത്ത് വിഴിഞ്ഞം തുറമുഖ ഉടമ അദാനിയുടെ ആള്‍ക്കാര്‍ സാമാന്യം നല്ലൊരു തുകയുമായി ഉമ്മൻ ചാണ്ടിയെ കാണാനെത്തി. വാങ്ങിയാൽ വിഴിഞ്ഞം പദ്ധതി അദാനിക്ക് നൽകിയത് പണത്തിന് വേണ്ടിയെന്ന വ്യാഖ്യാനം വരും. അതിനാൽ ഒരു രൂപ പോലും വാങ്ങില്ലെന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി മടക്കിയെന്നാണ് പിടി ചാക്കോയുടെ പുസ്തകത്തിലുള്ളത്. യുഡിഎഫിന് വലിയ കഷ്ടനഷ്ടങ്ങളുണ്ടാക്കിയ ബാര്‍ പൂട്ടൽ വേണമായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ ഉമ്മൻ ചാണ്ടി മറുപടിയൊന്നും പറഞ്ഞില്ല. കെപിസിസി പ്രസിഡന്‍റായി വി.എം സുധീരനെ തീരുമാനിച്ചതിൽ കടുത്ത നീരസത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ എഐസിസി നേതാക്കള്‍ അനുനയിപ്പിക്കാൻ ശ്രമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കൊച്ചിയിലെത്തിയ സോണിയ ഗാന്ധിയെ കൊച്ചിയിൽ സ്വീകരിക്കാൻ ഉമ്മൻ ചാണ്ടി പോയില്ല.
സോളാര്‍ വിവാദ കാലത്ത് കടപ്ലാമറ്റത്തെ പരിപാടിയിൽ സരിത ഉമ്മൻ ചാണ്ടിക്ക് പിന്നിൽ നിൽക്കുന്ന ഫോട്ടോ പുറത്തു വന്നു. ഈ പരിപാടിയുടെ വീഡിയോ പാലായിലെ ഒരു സ്റ്റുഡിയോയിൽ നിന്ന് താൻ സംഘടിപ്പിച്ചെന്ന് മുന്‍ പ്രസ് സെക്രട്ടറി പറയുന്നു. ഇത് മുഖ്യമന്ത്രിയെ കാണിച്ച് ആരോപണത്തെ പ്രതിരോധിക്കാനുള്ള തന്ത്രം മെനഞ്ഞു. എന്നാൽ മടങ്ങാൻ തുടങ്ങുമ്പോൾ ഉടനെ അത് ലാപ്ടോപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യാൻ ഒരാള്‍ ആവശ്യപ്പെട്ടെന്ന് ചാക്കോ വെളിപ്പെടുത്തുന്നു.
സോളാറിൽ ബിജു രാധാകൃഷ്ണന്‍റെ സിഡി അവകാശവാദം കത്തി നിന്ന കാലത്തെക്കുറിച്ചുള്ള അനുഭവവും പുസ്തകത്തിലുണ്ട്. ഒരു ദിവസം രാത്രി വൈകി സിഡിയുള്ള കവര്‍ മുഖ്യമന്ത്രി ഏല്‍പ്പിച്ചു. വീട്ടിൽ പോയി കണ്ട ശേഷം എത്ര വൈകിയാലും വിവരം അറിയിക്കണമെന്ന് പറഞ്ഞു. വീട്ടിൽ പോയി ലാപ് ടോപ്പിൽ സിഡി പ്ലേ ചെയ്തു. നടി സണ്ണി ലിയോണിന്‍റെ ചിത്രങ്ങള്‍. യഥാര്‍ഥ സിഡിയാണെന്ന് പറഞ്ഞ് ഏതോ പഹയൻ പറ്റിച്ചതാണെന്ന് വരിയോടെയാണ് അനുഭവ വിവരണം പുസ്തകത്തിൽ ചാക്കോ അവസാനിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam