റെയിൽവേ ഗേറ്റ് അടച്ചെന്ന് പറഞ്ഞത് പച്ചക്കള്ളം, 3 സ്കൂൾ കുട്ടികളുടെ ജീവൻ നഷ്ടമായ കടലൂർ ട്രെയിൻ അപകടത്തിൽ ഗേറ്റ് കീപ്പറെ പിരിച്ചുവിട്ടു

Published : Jul 16, 2025, 10:21 AM IST
cuddalore

Synopsis

റെയിൽവേ ഗേറ്റ് അടച്ചെന്ന് പങ്കജ് കുമാർ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്

കടലൂർ: 3 സ്കൂൾ കുട്ടികളുടെ ജീവൻ നഷ്ടമായ കടലൂർ ട്രെയിൻ അപകടത്തിൽ ഗേറ്റ് കീപ്പർ പങ്കജ് കുമാറിനെ പിരിച്ചുവിട്ടു. റെയിൽവേ ഗേറ്റ് അടച്ചെന്ന് പങ്കജ് കുമാർ പറഞ്ഞത് പച്ചക്കള്ളമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടിയെടുത്തത്. വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഈ മാസം എട്ടാം തിയതി നടന്ന അപകടത്തിൽ 3 സ്കൂൾ കൂട്ടികൾക്കാണ് ജീവൻ നഷ്ടമായത്.

വിശദ വിവരങ്ങൾ ഇങ്ങനെ

ജൂലൈ എട്ടാം തിയതി രാവിലെ 7.45 ഓടെയാണ് കുടലൂരിനെ നടുക്കിയ അപകടമുണ്ടായത്. കടലൂരിനും ആളപ്പാക്കത്തിനും ഇടയിലുള്ള റെയിൽവേ ഗേറ്റ് നമ്പർ 170 ലൂടെ പോയ സ്കൂൾ വാനിൽ, വില്ലുപുരം മയിലാടുംതുറൈ പാസഞ്ചർ ഇടിച്ചാണ് അപകടമുണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിന്‍റെ ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്കൂൾ വാനിലുണ്ടായിരുന്ന 3 കുട്ടികൾക്ക് ജീവൻ നഷ്ടമായതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. അപകടത്തിന് പിന്നാലെ പ്രദേശവാസികൾ ഗേറ്റ് കീപ്പറെ മർദ്ദിച്ചിരുന്നു. ലെവൽ ക്രോസിൽ ഗേറ്റ്‌ അടയ്ക്കാൻ ജീവനക്കാരൻ മറന്ന് പോയതാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ആദ്യം ഇത് അംഗീകരിച്ചുകൊണ്ടാണ് റെയിൽവേ വൃത്തങ്ങൾ പ്രതികരിച്ചത്. എന്നാൽ പിന്നീട് വാൻ ഡ്രൈവറെ പഴിച്ചുകൊണ്ടാണ് റെയിൽവേ ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ട്രെയിൻ വരും മുൻപ് വാൻ കടത്തി വിടണമെന്ന് ഡ്രൈവര്‍ ആവശ്യപ്പെട്ടെന്നാണ് റെയിൽവേ ആദ്യമിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഗേറ്റ്‌ അടയ്ക്കാൻ വൈകിയത് വാൻ ഡ്രൈവർ നിർബന്ധിച്ചതിനാലാണെന്ന് റെയിൽവേ അധികൃതര്‍ വാദിച്ചിരുന്നു. എന്നാൽ റെയിൽവേ ഗേറ്റ് അടയ്ക്കേണ്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. താൻ റെയിൽവേ ഗേറ്റ് അടച്ചിരുന്നെന്നാണ് ഗേറ്റ് കീപ്പർ ചുമതലയിലുണ്ടായിരുന്ന പങ്കജ് കുമാർ പറഞ്ഞത്. റെയിൽവേയുടെ അന്വേഷണത്തിൽ പങ്കജ് കുമാർ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഇയാളെ പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതേസമയം 3 കുട്ടികൾക്ക് ജീവൻ നഷ്ടമായ അപകടത്തിൽ പരിക്കേറ്റ ആറോളം വിദ്യാർത്ഥികൾ കടലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പ്രദേശവാസിയായ അണ്ണാദുരൈ എന്നയാളും ചികിത്സ തേടിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി