ബ്ലാക്ക് മെയ്ല്‍ ചെയ്തത് പിള്ളയല്ലെന്ന് ഉമ്മന്‍ചാണ്ടി

By Web DeskFirst Published Nov 10, 2017, 5:45 PM IST
Highlights

തിരുവനന്തപുരം:ബ്ലാക്ക് മെയില്‍ വെളിപ്പെടുത്തലിന്റെ ഗൗരവം വര്‍ധിപ്പിച്ച് ഉമ്മന്‍ ചാണ്ടി.ഒരാളുടെ ബ്ലാക്ക് മെയിലിന് വഴങ്ങേണ്ടി  വന്നുവെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ഉമ്മന്‍ ചാണ്ടി ബ്ലാക്ക് മെയില്‍ ചെയ്തത് രാഷ്‌ട്രീക്കാരനല്ലെന്ന് ഇന്ന് വെളിപ്പെടുത്തി. തെളിവു കൊടുക്കാന്‍ രമേശ് ചെന്നിത്തല പറഞ്ഞുവെന്ന് സരിതയുടെ വെളിപ്പെടുത്തല്‍ വിശ്വസിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു
 
സോളാര്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ബ്ലാക്ക് മെയിലിന് വിധേയനാകേണ്ടി വന്നുവെന്ന വെളിപ്പെടുത്തല്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി നടത്തിയത്. ബ്ലാക്ക് മെയില്‍ വെളിപ്പെടുത്തല്‍ യു.ഡി.എഫ് രാഷ്‌ട്രീയത്തില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ പലവിധ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കി നീറിപ്പിടിക്കുകയാണ്. അപ്പോഴും ബ്ലാക്ക് മെയില്‍ ചെയ്തത് ആരെന്ന് വെളിപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകുന്നില്ല. അതേസമയം, ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയാണെന്ന വ്യഖ്യാനത്തെ ഉമ്മന്‍ ചാണ്ടി തള്ളി. പാര്‍ട്ടിയിലെ നേതാക്കളുടെ പേരുകള്‍ ഉയര്‍ത്തി മാധ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മറുപടി ഇങ്ങന.

മുഖ്യമന്ത്രിയായ ഒരാളെ രാഷ്‌ട്രീയക്കാരനല്ലാത്ത ഒരാള്‍ക്ക് ബ്ലാക്ക് മെയില്‍ ചെയ്യാനായി എന്നത് പ്രശ്നത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഏതു വിഷയത്തില്‍ ബ്ലാക്ക് മെയിലിങ്, എന്തു കൊണ്ട് വഴങ്ങി എന്നതും പ്രസക്തമായ ചോദ്യമാണ്.ചെന്നിത്തല തെളിവു കൊടുക്കാന്‍ പറഞ്ഞുവെന്ന സരിതയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നതും ഉമ്മന്‍ ചാണ്ടി അനുകൂലികളില്‍ സംശയത്തിന് ഇടയാക്കിട്ടുണ്ട്.പക്ഷേ വെളിപ്പെടുത്തല്‍  വിശ്വസിക്കുന്നേയില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ  പ്രതികരണം.

തങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും പറയുന്നു. ഇതിനിടെ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ കമ്മിഷനും സര്‍ക്കാരും തമ്മിലുള്ള ഗൂഡാലോചയനെന്ന് ഉമ്മന്‍ ചാണ്ടി പറയാതെ പറഞ്ഞു.കമ്മിഷന്‍റേത് മുന്‍വിധിയോടെയുള്ള റിപ്പോര്‍ട്ടും തൊട്ടു തൊടാതെയുള്ള ശുപാര്‍ശകളുമെന്ന് വിമര്‍ശിച്ചു. റിപ്പോര്‍ട്ടിനെതിരെ സംയുക്തമായി  നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് നേതാക്കള്‍.

click me!