ഇറാനും സൗദി അറേബ്യയും തമ്മില്‍ ഭിന്നത; എണ്ണയുല്‍പാദക രാജ്യങ്ങളുടെ സമ്മേളനം  തീരുമാനമാകാതെ പിരിഞ്ഞു

Published : Apr 17, 2016, 07:30 PM ISTUpdated : Oct 05, 2018, 02:24 AM IST
ഇറാനും സൗദി അറേബ്യയും തമ്മില്‍ ഭിന്നത; എണ്ണയുല്‍പാദക രാജ്യങ്ങളുടെ സമ്മേളനം  തീരുമാനമാകാതെ പിരിഞ്ഞു

Synopsis

ഉല്‍പാദനം നിയന്ത്രിക്കുന്നതിനെ ചൊല്ലി ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ന് ദോഹയില്‍ ചേര്‍ന്ന എണ്ണയുല്‍പാദക രാജ്യങ്ങളുടെ സമ്മേളനം  തീരുമാനമാകാതെ പിരിഞ്ഞു. ലോകത്തിലെ എണ്ണ ഉല്‍പാദനത്തിന്റെ പകുതിയിലധികം പങ്കാളിത്തമുള്ള 18 രാജ്യങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. ഉല്‍പാദന നിയന്ത്രണത്തെ പരസ്യമായി എതിര്‍ത്ത് ഇറാന്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഇറാന്‍ കൂടി അനുകൂലിക്കാതെ ഉല്‍പാദന നിയന്ത്രണത്തിനു തയാറല്ലെന്ന് സൗദി അറേബ്യ കടുത്ത നിലപാടെടുത്തതിനെ തുടര്‍ന്നു മണിക്കൂറുകള്‍ വൈകിയാണ് യോഗം തുടങ്ങിയത്. ഇതിനിടെ യോഗത്തില്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ അമീരി ദിവാനിയിലെത്തി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി.

ഇറാന്‍ ഉള്‍പെടെയുള്ള ഒപെക് രാജ്യങ്ങള്‍ കഴിഞ്ഞ ജനുവരിയിലെ തോതില്‍ ഉല്‍പാദനം നിയന്ത്രിക്കണമെന്നും ഒക്ടോബറില്‍ റഷ്യയില്‍ വീണ്ടും യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ എടുക്കാമെന്നുമായിരുന്നു പ്രാഥമിക  ധാരണ. എന്നാല്‍ ഇത് സംബന്ധിച്ചു യോഗത്തിനു മുമ്പായി വിതരണം ചെയ്ത കുറിപ്പില്‍ ഇറാനെ ചൊല്ലിയുള്ള പരാമര്‍ശങ്ങളാണ് യോഗ തീരുമാനം വൈകാന്‍ ഇടയാക്കിയത്. 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒപെക് - ഒപെക് ഇതര രാജ്യങ്ങള്‍ യോഗം ചേരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തറും റഷ്യയും സൗദി അറേബ്യയും വെനിസ്വലയും ദോഹയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഇന്ന് പരമാവധി അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗം വിളിച്ചു ചേര്‍ത്തത്. ഉപരോധം നീക്കം ചെയ്തശേഷം ആഗോള വിപണിയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉല്പാദന നിയന്ത്രണം പ്രതികൂലമായി ബാധിക്കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ എണ്ണ വില ബാരലിന് 27 ഡോളര്‍ വരെ ഇടിഞ്ഞതിനെ തുടര്‍ന്നാണ്‌ എണ്ണ വിപണിയില്‍ ഇടപെടുന്നതിനായി ഉല്‍പാദക രാജ്യങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'യുഡിഎഫ് സ്ഥാനാര്‍ത്ഥി എത്തും മുന്‍പ് മുറി തുറന്നത് ദുരൂഹം': സ്‌ട്രോങ് റൂമുകൾക്ക് കോണ്‍ഗ്രസ് കാവല്‍ ഏര്‍പ്പെടുത്തുമെന്ന് കെ സി വേണുഗോപാൽ
'ഞങ്ങളൊരിക്കലും ഈ നാടിന് ഭീഷണിയല്ല, മുതൽക്കൂട്ടാണ്'; യുഎസിലെ ഇന്ത്യൻ വിരുദ്ധർക്ക് മറുപടിയുമായി നേഹ സുരത്രൻ